ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 557 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 557 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച തുടങ്ങി. ഓപ്പണര്‍മാരായ സാക്ക് ക്രൗളിയെയും ബെന്‍ ഡക്കറ്റിനെയും ഇംഗ്ലീഷ് നിരയ്ക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് റണ്‍ ഔട്ടായി. 11 റണ്‍സെടുത്ത സാക്ക് ക്രൗളി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ബുംറയ്ക്കാണ് ക്രൗളിയുടെ വിക്കറ്റ്. രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് രണ്ടിന് 18 എന്ന നിലയിലാണ്.

നാലിന് 430 എന്ന സ്‌കോറിലാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. 557 എന്ന ലക്ഷ്യം പിന്തുടരാന്‍ ഇംഗ്ലണ്ടിന് 131 ഓവര്‍ വരെ ബാറ്റ് ചെയ്യാം. രാജ്‌കോട്ടിലെ ബാറ്റിംഗ് പിച്ചില്‍ ഇംഗ്ലീഷുകാര്‍ അത്ഭുതം കാണിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

നാലാം ദിനം രണ്ടിന് 196 എന്ന നിലയിലായിരുന്നു ബാറ്റിംഗ് പുഃനരാരംഭിച്ചത്. യശസ്വി ജയ്‌സാളിന്റെ ഇരട്ട സെഞ്ച്വറി, ശുഭ്മാന്‍ ഗില്ലിന്റെ 91, സര്‍ഫറാസിന്റെ അര്‍ദ്ധ സെഞ്ച്വറി എന്നിവ ആയപ്പോള്‍ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക് എത്തി. 236 പന്തില്‍ 14 ഫോറും 12 സിക്‌സും സഹിതം 231 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്താകാതെ നിന്നു. 68 റണ്‍സെടുത്ത സര്‍ഫറാസ് ഖാനായിരുന്നു ജയ്‌സ്വാളിനൊപ്പം ക്രീസില്‍. 27 റണ്‍സെടുത്ത കുല്‍ദീപിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി.

Top