ക്രിക്കറ്റിന്റെ മുത്തശ്ശി ചാരുലത പട്ടേല്‍ അന്തരിച്ചു; സ്റ്റേഡിയത്തിൽ പട്ടേലിന്റെ ആർപ്പുവിളി ഇനിയില്ല

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് മുത്തശ്ശി ചാരുലത പട്ടേല്‍(87) അന്തരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായമേറിയ ആരാധികയായിരുന്നു ഈ മുത്തശ്ശി. നേരത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുത്തശ്ശി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ലോകപ്പിനിടെയാണ് ചാരുലത പട്ടേല്‍ ശ്രദ്ധ നേടിയത്. ക്രിക്കറ്റിന്റെ വലിയ ആരാധിക തന്നെയാണ് ഈ മുത്തശ്ശി. ഗാലറിയില്‍ യുവാക്കള്‍ക്കൊപ്പം ആര്‍പ്പുവിളിയും ആഹ്ലാദ പ്രകടനങ്ങളുമായി ഈ മുത്തശ്ശി എല്ലാവരുടെയും ശ്രദ്ധ നേടിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ചാരുലത പട്ടേലിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറല്‍ ആയിരുന്നു. പിന്നീടുള്ള മത്സരങ്ങള്‍ക്ക് വിരാട് കോലി ക്രിക്കറ്റ് അമ്മൂമ്മയ്ക്ക് ടിക്കറ്റ് നല്‍കുകയും ചെയ്തു.

മുത്തശ്ശി ആരാധികയ്ക്ക് ബിസിസിഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചാരുലത പട്ടേലിനെ എക്കാലവും ഓര്‍മ്മിക്കുവെന്നും ക്രിക്കറ്റിനോടുള്ള അവരുടെ അഗാത പ്രണയം ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top