ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ റിമേക്ക് ‘മാര’യില്‍ നായിക സായി അല്ല പകരം ശ്രദ്ധ

ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തി മലയാളികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാര്‍ലി. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റിമേക്ക് ചെയ്യുകയാണ്. മാര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ നായകനായി മാധവന്‍ എത്തുമ്പോള്‍ ടെസയായി സായി പല്ലവിയേയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണം സായി പിന്‍മാറുകയായിരുന്നു. പകരം ടെസ്സയായി എത്തുക ശ്രദ്ധ ശ്രീനാഥാണ്.
ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ലിയുടെ റീമേക്ക് പ്രഖ്യാപിച്ചത്. വിജയ് തിരക്കിലായതോടെ ദിലീപ് കുമാര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ശിവദയാണ് ചെയ്യുക.

മലയാളത്തില്‍ ഒരേ സമയം വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ചാര്‍ലി. മികച്ച സംവിധായകന്‍, നടന്‍, നടി, തിരക്കഥ ഉള്‍പ്പെടെയുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രം നേടി. നേരത്തെ ചാര്‍ലിയുടെ മറാഠി റീമേക്ക് പുറത്തുവന്നിരുന്നു.

Top