കൊച്ചി: ഈ ക്രിസ്മസ് കാലം മഞ്ജുവിനും മാസ്റ്റര്‍ സനൂപിനും സ്വന്തം. ഇപ്പോള്‍ പുറത്തിറങ്ങിയ മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും മത്സരിച്ചഭിനയിച്ച ‘ജോ ആന്‍ഡ് ദി ബോയി’യും ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വ്വതി കൂട്ടുകെട്ടിന്റെ ചാര്‍ലിയും തിയ്യറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
കുടുംബബന്ധങ്ങള്‍ക്കും നാടിനുമപ്പുറം യാത്രയെ ഇഷ്ടപ്പെടുന്ന നായകന്റെ വേഷമാണ് ചാര്‍ലിയില്‍ ദുല്‍ഖറിന്റേത്. സംഗീതം പഠിക്കാന്‍ ബാംഗ്ലൂരിലെ വാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ നായികാ കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്.
നായകന്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് താമസിക്കാനെത്തിയ നായിക,അവിടെ നിന്നും കണ്ടെത്തുന്ന ഒരു പുസ്തകത്തില്‍ കണ്ട ചില ചിത്രങ്ങളുടെ കാരണം തേടി നായകനെ കണ്ടെത്താന്‍ ശ്രമിക്കുന്നതോടെയാണ് കഥ വികസിക്കുന്നത്.
മികച്ച ഛായാഗ്രഹണവും സംവിധാനവും സംഗീതവും ചാര്‍ലിയെ ശ്രദ്ധേയമാക്കുന്നുണ്ടെങ്കിലും ദുല്‍ഖറും പാര്‍വ്വതിയും അവരുടെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചുവെന്ന് പറയാന്‍ പറ്റില്ല.
ലക്ഷ്യബോധമില്ലാതെ ഉലകം ചുറ്റുന്നവരുടെ ഒരു പ്രതിനിധിയാണ് സിനിമയില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ‘ന്യൂജനറേഷന്‍’ പ്രേഷകര്‍ക്കാണ് ഈ സിനിമ കൂടുതല്‍ ഇഷ്ടപ്പെടുക.
കുടുംബ പ്രേഷകരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയ മഞ്ജുവാര്യരുടെ ‘ജോ ആന്‍ഡ് ദി ബോയിയും പ്രതീക്ഷ തെറ്റിച്ചില്ല.
കുട്ടിക്കാലത്ത് മനസില്‍ വളര്‍ന്ന് പന്തലിച്ച ഒരു കുസൃതി സ്വപ്നം സഫലമാക്കാന്‍ ഇറങ്ങി തിരിച്ച മേരി എന്ന ഫ്രീലാന്‍സ് ആനിമേറ്ററുടെ വേഷമാണ് ‘ജോ ആന്‍ഡ് ദി ബോയി’യില്‍ മഞ്ജുവിന്റെ കഥാപാത്രം.
വളരെ നാച്ചുറലായി ഈ കഥാപാത്രത്തെ മഞ്ജുവാര്യര്‍ അവതരിപ്പിച്ചത് ജോ ആന്‍ഡ് ദി ബോയിയെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകമാണ്.
നായികയുടെ ‘ ഡ്രീംസിലേക്ക് ‘ കടന്ന് വരുന്ന ക്രിസ് എന്ന കുട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാസ്റ്റര്‍ സനൂപും മഞ്ജുവിനൊപ്പം മത്സരിച്ചഭിനയിച്ചിട്ടുണ്ട്.
ചാര്‍ലിയിലെ പാര്‍വ്വതിയുടെ അഭിനയവും ജോ അന്‍ഡ് ദി ബോയിയിലെ മഞ്ജുവിന്റെ അഭിനയവും താരതമ്യപ്പെടുത്താന്‍പോലും കഴിയാത്തതാണ്. കുട്ടികളുടെ മനസുള്ള മഞ്ജുവിന്റെ കഥാപാത്രവും മുതിര്‍ന്നവരുടെ മാനസികാവസ്ഥയില്‍ ആശയവിനിമയം നടത്തുന്ന മാസ്റ്റര്‍ സനൂപിന്റെ വേഷവും കാണികളെ വിസ്മയിപ്പിക്കുന്നതാണ്.
സിനിമയുടെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സംവിധാനവുമെല്ലാം മികവുറ്റതാണ്.
കുടുംബ സമേതം കുട്ടികളോടൊത്ത് ആസ്വദിച്ച് കാണാന്‍ പറ്റുന്ന സിനിമയാണ് ജോ ആന്‍ഡ് ദി ബോയ്.
മഞ്ജു വാര്യരുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍.


