ഡൽഹി കലാപം; ഇർഫാൻ കൊലക്കേസിന്റെ കുറ്റപ്പത്രത്തിൽ ബി.ജെ.പി നേതാവിന്റെ പേരും

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹി കലാപത്തിനിടെ 25-കാരനായ ഇർഫാൻ കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തിൽ ബി.ജെ.പി. നേതാവിന്റെ പേരും. ഡൽഹി ബ്രഹ്മപുരി മണ്ഡലിലെ ജനറൽ സെക്രട്ടറി ബ്രിജ്മോഹൻ ശർമയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വടക്കു കിഴക്കൻ ഡൽഹിയിൽ കലാപം നടന്നത്. ഫെബ്രുവരി 26-ന് കർതാർ നഗറിലുണ്ടായ കലാപത്തിനിടെയാണ് ഇർഫാൻ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാർച്ച് 28ന് ബ്രിജ്മോഹനേയും അയൽക്കാരായ സണ്ണി സിങ്ങിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂൺ 23-ന് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേട്ടിന് മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിൽ ബ്രിജ്മോഹന്റെ രാഷ്ട്രീയ താൽപര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്.

‘നേതാജി’ എന്നാണ് പ്രാദേശികമായി ഇയാൾ അറിയപ്പെടുന്നത്. എന്നാൽ ബ്രിജ്മോഹന്റെ പാർട്ടിയെ കുറിച്ച് കുറ്റപത്രത്തിൽ പറയുന്നില്ല. കൊലപാതകം നടത്തിയതായി ബ്രിജ്മോഹൻ സമ്മതിക്കുന്നതായി കുറ്റപത്രം പറയുന്നുണ്ട്. വർഷങ്ങളായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന ആളാണ് ബ്രിജ്മോഹൻ.

ബ്രിജ്മോഹന്റെ പിതാവ് ഹരീഷ് ചന്ദ്രയും ബി.ജെ.പി. നേതാവാണ്. കിസാൻ മോർച്ചയുടെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ബ്രിജ്മോഹൻ ബി.ജെ.പിയിൽ പ്രവർത്തിക്കുന്നുവെന്ന് ഹരീഷ് ചന്ദ്ര സമ്മതിച്ചു. ബ്രിജ്മോഹനെ കലാപക്കേസിൽ പെടുത്തിയതാണെന്നാണ് ഹരീഷ് ചന്ദ്ര ആരോപിക്കുന്നത്.

Top