ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പേരും ഉൾപ്പെടും. ഈ പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസിൽ അതിവേഗ വിചാരണ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 28ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് സംഭവം നടന്നത്. മെയ് 31നാണ് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. 65 സാക്ഷി മൊഴികളാണ് കേസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 350 പേജുകളുള്ള കുറ്റപത്രം ജുവനൈൽ കോടതിയിലും നാമ്പള്ളി കോടതിയിലും സമർപ്പിച്ചിട്ടുണ്ട്. അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തവ‌ർ ആയതിനാലാണ് ജുവനൈൽ കോടതിയിലും വിചാരണ നടക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഒൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എംഎൽഎയുടെ മകനാണ്.

മെയ് 28ന് പബിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് പ്രതികൾ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. വീട്ടിലിറിയിക്കാം എന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ ശേഷമായിരുന്നു അതിക്രമം. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളാണ് കേസിലെ പ്രായപൂ‍‍ർത്തിയാകാത്ത പ്രതികൾ.

Top