പ്രതിച്ഛായ കളങ്കപ്പെടുത്തി; കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്രസര്‍ക്കാരിന്റെ കുറ്റപത്രം

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം. ഈമെയില്‍ വഴിയാണ് കുറ്റപത്രം നല്‍കിയത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഔദ്യോഗിക കൃത്യനിര്‍വഹണം ആത്മാര്‍ഥമായി നടത്തിയില്ല, അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെ വിമര്‍ശിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കിയ കുറ്റപത്രത്തില്‍ ഉള്ളത്. ഈ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നുമാണ് ആരോപണം.

സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ”വിദേശരാജ്യമടക്കം മറ്റ് സംഘടനകളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ബന്ധത്തെ മോശമാക്കാന്‍ പ്രാപ്തമാണ്” എന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം തന്റെ വിമര്‍ശനങ്ങളല്ല സര്‍ക്കാരിന്റെ നടപടികളാണ് പ്രതിച്ഛായ മോശമാകാന്‍ കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. പരിമിതമായ ബുദ്ധി മാത്രമുള്ളവരാണ് കുറ്റപത്രം നല്‍കിയത്. ഇതുകൊണ്ട് നിശബ്ദനാക്കാനാകില്ല. ഇത്തരം ഭീഷണി കൊണ്ടൊന്നും പിന്‍മാറില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചത് രാജിവച്ചതിനു ശേഷമാണെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ദാദ്രാ നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായിരിക്കെ ഓഗസ്റ്റ് 23 നാണ് കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചത്.

Top