ഉത്ര കൊലക്കേസില്‍ സൂരജിന് പൂട്ടുവീണു; കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഉത്ര കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവര്‍ക്കു പങ്കുള്ളതായി പറയുന്നില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തകാരന്‍ സുരേഷിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.

300 രേഖകളും 252 സാക്ഷികളും ഉള്‍പ്പെടെ 1000 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകം, വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകളാണു സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കൊട്ടാരക്കര റൂറല്‍ എസ്പി എസ്. ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്.

ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു.

ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്. ഉത്രയ്ക്കു കടിയേറ്റതു മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി.

Top