പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗ് ചന്നി ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ പതിനൊന്ന് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇതിന് ശേഷം മന്ത്രിസഭ അംഗങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ആരംഭിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കെ പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ സിക്ക്- ദളിത് വിഭാഗത്തിന് പ്രാതിനിധ്യം നല്‍കിയാവും മന്ത്രിസഭ രൂപീകരിക്കുക.

അതേസമയം പുതിയ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ ചില മുതിര്‍ന്ന മന്ത്രിമാരെ നിലനിര്‍ത്താനും ഹൈക്കമാന്‍ഡ് തലത്തില്‍ തീരുമാനമായതായാണ് വിവരം.

ചാംകൗര്‍ സാഹിബ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി കസേരയില്‍ എത്തുമ്പോള്‍ വലിയ പ്രത്യേകതകളാണ് ആ സ്ഥാനാരോഹണത്തിന് ഉള്ളത്. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്‌-സിഖ് മുഖ്യമന്ത്രിയാണ് ചന്നി. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഒരു ദളിത് നേതാവിനെ മുഖ്യമന്ത്രിക്കുമെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിരോമണി അകാലി ദള്‍ വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി ദളിത് വിഭാഗത്തിന് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. പഞ്ചാബിന്റെ മൂന്നില്‍ ഒന്ന് വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിനുള്ള കോണ്‍ഗ്രസിന്റെ മറുമരുന്ന് കൂടിയാണ്.

നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്തര്‍ സിംഗ് രണ്ധാതവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു.

Top