ചരണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗ് ചന്നിയെ തെരഞ്ഞെടുത്തു. രണ്‍ധാവയുടെ പേര് പ്രഖ്യാപിച്ചയുടന്‍ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ചന്നിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി സംസ്ഥാന ചുമതലയുളള എഐസിസി സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.

ദളിത് വിഭാഗത്തില്‍പ്പെട്ട ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയതോടെ മൂന്ന് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകത്തിനാണ് പഞ്ചാബില്‍ തിരശീല വീണിരിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. 2015-16 സമയത്ത് പ്രതിപക്ഷ നേതാവായിരുന്നു ചന്നി.

ചന്നിയെ താന്‍ പിന്തുണയ്ക്കുന്നതായും എഐസിസി തീരുമാനം അംഗീകരിക്കുന്നതായും സുഖ്ജീന്തര്‍ സിംഗ് രണ്‍ധാവെ അറിയിച്ചു. താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു ആദ്യം രണ്‍ധാവ അറിയിച്ചത്. പുതിയതായി രണ്ട് ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. ജാതിസമവാക്യങ്ങള്‍ പാലിച്ചാകും ഈ പേരുകള്‍ തിരഞ്ഞെടുക്കുകയെന്നാണ് വിവരം.

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പഞ്ചാബ് മന്ത്രിസഭയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഹൈക്കമാന്റാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

Top