ഡല്‍ഹി ആരോഗ്യ മാതൃക സമ്പൂര്‍ണ പരാജയമെന്ന് ചരണ്‍ജിത് സിങ് ഛന്നി

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യ മാതൃക സമ്പൂര്‍ണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം.

മഹാമാരിയുടെ രണ്ട് തരംഗങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും നിരവധി പേരാണ് ചികിത്സയ്ക്കായി പഞ്ചാബിലെത്തിയതെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണെന്നും ഛന്നി വ്യക്തമാക്കി.

‘ഇപ്പോള്‍ കെജ്രിവാള്‍ പഞ്ചാബിലെ ആരോഗ്യവിദ്യാഭ്യാസ മാതൃകകളുടെ അടിസ്ഥാനത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നടത്തുകയാണ്, എന്നാല്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് അത്തരം നാടകങ്ങളെക്കുറിച്ച് കൃത്യമായി അറിയാം, അദ്ദേഹം പറഞ്ഞു. നഗരം പോലെയുള്ള സംസ്ഥാനം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് ഒരു സമ്പൂര്‍ണ്ണ സംസ്ഥാനം നയിക്കുകയെന്നും ഛന്നി ചോദിച്ചു.

ഈ വര്‍ഷം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തുടരുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നേറിയേക്കാമെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവെച്ചിരുന്നു.

 

Top