പൗരന്‍മാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിര്‍മാണത്തിന്റെ അടിത്തറ; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: അഴിമിതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാന്‍ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളര്‍ത്തണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പൗരന്‍മാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിര്‍മാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ വിജിലന്‍സ് ബോധവല്‍കരണ കാംപയിനിന്റെ സമാപന സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ അര്‍ബുദമായ അഴിമതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തെയാണ്. ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത് ഇവരാണ്. കോടതിയില്‍ വരുന്ന കേസുകളില്‍ 99 ശതമാനവും അഴിമതിയുമായി ബന്ധപ്പെട്ടതാണ്. ശിക്ഷ ഭയന്ന് നിയമം അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിന് പകരം നിയമത്തെ ബഹുമാനിക്കാന്‍ ശീലിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പരാമര്‍ശിച്ചു.

വിജിലന്‍സ് ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സിഎംഎഫ്ആര്‍ഐ ജീവനക്കാര്‍ക്കുമായി പ്രഭാഷണങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, പാനല്‍ ചര്‍ച്ച, വിവിധ മത്സരപരിപാടികള്‍ തുടങ്ങിയവ നടത്തിയിരുന്നു. മുദ്രാവാക്യ രചന, ചിത്രരചന, പ്രശ്നോത്തരി, പോസ്റ്റര്‍ അവതരണം എന്നീ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ഓഫീസറും സിഎംഎഫ്ആര്‍ഐയുടെ ഫിഷറീസ് റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ്, എക്സ്റ്റന്‍ഷന്‍ വിഭാഗം മേധാവിയുമായ ഡോ.ജെ.ജയശങ്കര്‍, ഡോ.മിറിയം പോള്‍ ശ്രീറാം എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Top