കള്ളവോട്ട് പുറത്തായതുകൊണ്ടുള്ള ജാള്യതയും രോഷവുമാണ് ബോംബേറിന് പിന്നിലെന്ന് ചെന്നിത്തല

കണ്ണൂര്‍ : പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന വി.ടി.പത്മനാഭന്റെയും വോട്ട് ചെയ്യാന്‍ സാധിക്കാത്തതിനെക്കുറിച്ച് പരാതിപ്പെട്ട ഷാലറ്റ് എന്ന സ്ത്രീയുടെയും വീടിന് നേരെ നടന്ന ബോംബാക്രമണത്തില്‍ അപലിപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പില്‍ നടത്തിയ കൃത്രിമം പുറത്തായതും അതിനെ തുടര്‍ന്ന് അവിടെ റീപോളിംഗ് ഉണ്ടായതിന്റെയും ജാള്യതയും രോഷവുമാണ് ആ അക്രമങ്ങള്‍ക്ക് പിന്നിലെ ചേതോവികാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിനത്തില്‍ ബൂത്തിലെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്ത് മടങ്ങിയത് മൂലം വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലന്ന് ഷാലറ്റ് എന്ന വീട്ടമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ റീ പോളിംഗിന് ഉത്തരവിട്ടത്. റീം പോളിംഗില്‍ വീണ്ടും വോട്ട് ചെയ്യാനെത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ അവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത് ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. എന്നിട്ടും ഇതില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ ഒരുക്കമല്ലന്ന സൂചനയാണ് സി പി എം നേതൃത്വം നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വോട്ടെണ്ണിക്കഴിഞ്ഞാല്‍ കനത്ത തോല്‍വിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് സി പി എം നേതൃത്വത്തിന് മനസിലായിട്ടുണ്ട്. ആ ഭീതിയാണ് ഇവരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് കണ്ണൂരിലെ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന വി ടി വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക് കേടുപാട് പറ്റി. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ 19-ാം ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റായിരുന്നു പത്മനാഭന്‍.

പോളിംഗ് സമാധാനപരമായി കഴിഞ്ഞതിന് പിന്നാലെ അര്‍ധരാത്രിയോടെ നടത്തിയ അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Top