‘ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യണം’; മാർഗനിർദേശവുമയി കേന്ദ്രം

ദില്ലി: രാജ്യത്തെ ടെലിവിഷൻ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കിയിരുന്നു. ഇത് അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ.

മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ സമയത്ത് ചാനലുകൾക്ക് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്.

പൊതു താല്‍‍പ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികള്‍ എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ചാനലുകള്‍ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് ഉള്ളടക്കങ്ങളും നല്‍കിയിട്ടുണ്ട്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും മികച്ച താൽപ്പര്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് ഇത്തരം ഒരു നിര്‍ദേശത്തിന്റെ കാതല്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

പ്രക്ഷേകരുമായും കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയ ക്രമവും. അത് നടപ്പിലാക്കുന്ന തീയതിയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഉടൻ നൽകുമെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

ഈ നിര്‍ദേശം നടപ്പാക്കിക്കഴിഞ്ഞാൽ, അത്തരം ഉള്ളടക്കങ്ങൾക്കായി ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും. അത് ആരെങ്കിലും ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ചാനലുകൾക്കും ഈ നിബന്ധന ബാധകമാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു.

Top