ഒരു താമര ചിഹ്നംകൂടി പതിച്ചിരുന്നെങ്കില്‍ . . യു.പിയില്‍ കാവിയില്‍ മുങ്ങിയ ബസുകള്‍

ലക്‌നൗ: ബി.ജെ.പി ഭരിക്കുന്ന രാജ്യത്തെ ഏറ്റവും ശക്തമായ സംസ്ഥാനം കാവിയില്‍ കുളിക്കുന്നു.

സര്‍വ്വ മേഖലയിലും കാവി വല്‍ക്കരണം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവിടെ മുന്നേറുകയാണ്. ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ ബസുകള്‍ എല്ലാം കാവിയണിഞ്ഞു കഴിഞ്ഞു.

ഇനി സര്‍ക്കാര്‍ ഓഫീസുകളിലും കാവി പുശാനുള്ള നീക്കത്തിലാണ് ‘സന്യാസി’ സര്‍ക്കാര്‍.

ഓരോ തവണയും ഭരണം മാറുമ്പോഴും യുപി സര്‍ക്കാരിന്റെ (യുപിഎസ്ആര്‍ടിസി) ബസുകളുടെ നിറവും മാറും. ഏതു പാര്‍ട്ടിയാണോ അധികാരത്തില്‍ വരുന്നത് അവരുടെ കൊടിയുടെ നിറത്തിലായിരിക്കും പെയിന്റടിക്കുക.

ഇത്തവണ യുപിയിലെ ബസുകള്‍ കാവിനിറത്തിലാണ് അണിഞ്ഞൊരുങ്ങി നിരത്തിലിറങ്ങാന്‍ പോകുന്നത്. ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണിത്.
21208525_1996187983950399_1946371410_n

യോഗി സര്‍ക്കാര്‍ കാവിനിറത്തില്‍ പുറത്തിറക്കുന്ന ബസുകള്‍ക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. യോഗി ആദിത്യനാഥിന് ഇഷ്ടപ്പെട്ട നിറമാണു കാവി. 50 പുതിയ ബസുകളാണ് ഇറക്കുന്നത്. ആര്‍എസ്എസ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ സര്‍വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ എസ്പി സര്‍ക്കാരിന്റെ പാതയില്‍ ടിക്കറ്റുനിരക്കുകളില്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്.

രാഷ്ട്രീയക്കാരെപ്പോലെ അടിക്കടി നിറം മാറുന്ന ബസുകളും സര്‍ക്കാര്‍ ഓഫീസുകളുമാണ് യുപിയിലേത്.

ബിഎസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്‌വാദി പാര്‍ട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സര്‍വജന്‍ ഹിതായ് സര്‍വജന്‍ സുഖായ് ബസ് സര്‍വീസ് ബിഎസ്പി കൊണ്ടുവന്നതാണ്. നീലയും വെള്ളയുമായിരുന്നു പശ്ചാതലം.

എസ്പി അധികാരത്തിലേറിയപ്പോള്‍ ലോഹ്യ ഗ്രാമീണ്‍ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും കലര്‍ന്ന ഈ ബസില്‍ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം കുറവായിരുന്നു.

Top