അടിമുടി മാറ്റങ്ങളുമായി ഐപിഎല്‍; കമന്ററി വീട്ടിലിരുന്നെന്ന്

പിഎല്ലിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന യുഎഇയില്‍ ആരംഭിക്കുകയാണ്. അടിമുടി മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ഐപിഎല്‍ നടത്തുന്നത്.

മത്സരത്തിനു മുന്നോടിയായി ടോസിനു ശേഷം ഇരുടീമിലെയും ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള ഹസ്തദാനം ഉണ്ടാകില്ല. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് കളിക്കാര്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നത്. കളിക്കു മുമ്പ് മാത്രമല്ല മത്സരം കഴിഞ്ഞ ശേഷവും ഇരുടീമിലെയും താരങ്ങളും ടീം സ്റ്റാഫും തമ്മില്‍ ഹസ്തദാനം ചെയ്യാറുണ്ട്. ഇതിനും യുഎഇയില്‍ വിലക്കുണ്ടാവും. ഹസ്തദാനത്തിനു പകരം പരസ്പരം നമസ്തേ പറയുന്ന രീതിയായിരിക്കും യുഎഇയില്‍ പിന്തുടരാന്‍ സാധ്യത.

എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അവരുടേതായ ചിയര്‍ലീഡേഴ്സുമുണ്ട്. യുഎഇയില്‍ ചിയര്‍ലീഡേഴ്സിനെയും ഇത്തവണ കാണാന്‍ സാധ്യത കുറവാണ്. മഹാമാരി തടയുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കമന്ററി വീട്ടില്‍ നിന്ന് ഐപിഎല്ലിനെ ആവേശം കൊള്ളിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് കമന്റേറ്റര്‍മാര്‍. എന്നാല്‍ ഇത്തവണ യുഎഇയില്‍ കമന്റേറ്റര്‍മാരെ കളിക്കളത്തില്‍ കണ്ടെന്നു വരില്ല. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമന്റേറ്റര്‍മാര്‍ വീട്ടിലിരുന്ന് തന്നെ കളി പറയാന്‍ സാധ്യതയേറെയാണ്.

കൊവിഡ് വ്യാപനം തടയുന്നതിനായി കളിക്കിടെ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്. ഐപിഎല്ലിലും ഈ നിയമത്തില്‍ മാറ്റമുണ്ടാവില്ല. മത്സരത്തിനിടെ താരങ്ങള്‍ പന്തില്‍ തുപ്പല്‍ പ്രയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍ പന്ത് വൃത്തിയാക്കി നല്‍കും. ഒപ്പം മുന്നറിയിപ്പുമുണ്ടാവും. ഒരിന്നിങ്സില്‍ രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇതാവര്‍ത്തിച്ചാല്‍ ടീമിന് അഞ്ചു റണ്‍സ് പിഴയായി ചുമത്തുകയും ചെയ്യും. എന്നാല്‍ തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിച്ച് താരങ്ങള്‍ക്കു പന്തിന്റെ മിനുക്കം കൂട്ടാന്‍ ഐസിസി അനുമതി നല്‍കിയിട്ടുണ്ട്.

സാധാരണയായി ഐപിഎല്‍ നടക്കുന്നതിനിടെ താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരം പരസ്യങ്ങള്‍ അധികം കാണാനാവില്ല. ഓരോ ടീമിലെയും ഓരോയു താരവും കൃത്യമായ രോഗപ്രതിരോധ ചട്ടങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഓരോ ടീമും ഒരു ബയോ ബബ്ളിനുള്ളിലായിരിക്കും. അതില്‍ നിന്നു പുറത്തു കടക്കാനോ, അകത്തേക്കു പ്രവേശിക്കാനോ അനുവാദമുണ്ടായിരിക്കില്ല.

Top