സംവിധായകന്‍ മരക്കാര്‍ കാണാന്‍ പോകുമെന്ന്! ഒരു താത്വിക അവലോകനത്തിന്റെ റിലീസ് മാറ്റി

ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ഒരു താത്വിക അവലോകനം’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 7ന് തീയേറ്ററുകളിലെത്തും. സംവിധായകന്‍ അഖില്‍ മാരാരാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ സിനിമ ഡിസംബര്‍ 3ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഒരു താത്വിക അവലോകനം’ റിലീസ് മാറ്റിയത്.

‘അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ. ഡിസംബര്‍ 3ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മ്മാതാവ് സിനിമയുടെ റിലീസ് ജനുവരി 7ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു. സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊഴാണെന്നും സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോജു ജോര്‍ജിനൊപ്പം നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’.

 

Top