മാസ്റ്ററിന്റെ റിലീസിങ് തീയതിയും മാറ്റിയോ; ദീപാവലി റിലീസെന്ന് ആരാധകര്‍

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിങ് തീയതി മാറ്റിയെന്ന് അഭ്യൂഹം. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രങ്ങളിലൊന്നാണ് മാസ്റ്റര്‍. കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്.

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മാസ്റ്ററിന്റെ റിലീസിങ് അടുത്ത വര്‍ഷത്തേക്ക് മാറ്റുമെന്നാണ് സൂചന.

രജനീകാന്തിന്റെ ശിവ ചിത്രം അണ്ണാത്തെ അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, മാസ്റ്റര്‍ ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രചരണം. ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയിട്ടായിരിക്കും ചിത്രമെത്തുക എന്നും അനൗദ്യോഗിക വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ രണ്ട് റിലീസ് തീയ്യതികളാണ് അണിയറക്കാര്‍ ആലോചിക്കുന്നതെന്നും ദീപാവലിയും (നവംബര്‍ 13) വിജയദശമിയുമാണ് (ഒക്ടോബര്‍ 22) അവയെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള റിലീസ് ആയതിനാല്‍ ലോകമാകമാനം തീയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വന്നാല്‍ മാത്രമേ റിലീസ് തീയ്യതിയില്‍ അന്തിമ തീരുമാനം എടുക്കൂ.

Top