ആപ്പിള്‍ വരുത്തിയ മാറ്റം; പത്ത് ബില്യണ്‍ ഡോളര്‍ നഷ്ടമാക്കുമെന്ന് മെറ്റ

ഴിഞ്ഞ വർഷം ആപ്പിൾ വരുത്തിയ മാറ്റം തങ്ങൾക്ക് പത്ത് ബില്യൺ ഡോളർ നഷ്ടമാക്കുമെന്ന് ഫേസ്ബുക്ക് ഉടമകളായ മെറ്റ. 2021 ഏപ്രിലിൽ ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കൾക്ക് പുതിയൊരു സൗകര്യം ലഭ്യമാക്കിയിരുന്നു. ഇതിലൂടെ ഏത് ആപ്പുകളാണ് ഡിജിറ്റൽ ലോകത്തെ പെരുമാറ്റം മനസിലാക്കാൻ സാധിക്കും വിധം ഉപഭോക്താവിനെ ട്രാക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് നല്ലൊരു ശതമാനം ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കളും ഫേസ്ബുക്കിനെ തങ്ങളെ ട്രാക്ക് ചെയ്യാൻ അനുവാദം നൽകാതിരിക്കുന്നത് പരസ്യ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്നാണ് മെറ്റ വാദിക്കുന്നത്.

കമ്പനിയുടെ കഴിഞ്ഞ വർഷത്തിലെ നാലാം പാദത്തിലുണ്ടായ തിരിച്ചടിയുടെ കാരണം വിശദീകരിക്കുകയായിരുന്നു മെറ്റ സിഎഫ്ഒ ഡേവിഡ് വെന്നർ. പരസ്യമാണ് മെറ്റയുടെ പ്രധാന വരുമാന സ്രോതസ്. ഇതിലേക്ക് നയിക്കുന്നതാകട്ടെ കോടിക്കണക്കിന് വരുന്ന ഫെയ്സ്ബുക്ക് ഉടമകളുടെ ഫെയ്സ്ബുക്കിലെ പെരുമാറ്റവുമാണ്. ആപ്പിളിന്റെ ഓപറേറ്റിങ് സോഫ്റ്റ്‌വെയർ 14.5 അപ്ഡേഷനിലാണ് മാറ്റം വരുത്തിയത്. 2021 ഏപ്രിൽ ഇത് പുറത്തുവന്ന ശേഷം ആപ്പുകളോട് പരസ്യ വിൽപ്പനയ്ക്കായി ഉപഭോക്താവിന്റെ ഡിജിറ്റൽ രംഗത്തെ പെരുമാറ്റം വിലയിരുത്തുന്നുണ്ടോയെന്ന് വെളിപ്പെടുത്താൻ നിർബന്ധിക്കുന്നുണ്ട്. ഉപഭോക്താവ് ട്രാക്ക് ചെയ്യരുതെന്ന നിബന്ധന നൽകിയാൽ പരസ്യ ദാതാക്കളായ കമ്പനികൾക്ക് ഡാറ്റ ലഭിക്കാതെ വരും. ഈ സാഹചര്യമാണ് തിരിച്ചടിയായതെന്ന് ഡേവിഡ് വെന്നർ പറയുന്നു.

ആപ്പിൾ ഐ ഫോൺ ഉപഭോക്താക്കളിൽ 95 ശതമാനം പേരും ആഡ് ട്രാക്ക് വേണ്ടെന്ന് വെച്ചു. അടുത്ത വർഷം 10 ബില്യൺ ഡോളർ ഇതിലൂടെ നഷ്ടമാകുമെന്ന് ഡേവിഡ് വെന്നർ പറയുന്നു. ഇത് അനുമാനം മാത്രമാണെന്നും കൃത്യമായ കണക്ക് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പാദത്തിൽ ഫെയ്സ്ബുക്കിന്റെ യൂസർ വളർച്ച താഴേക്ക് പോയിരുന്നു. 323 ഡോളറായിരുന്ന ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞ് 245 ഡോളറായതും ഇതിന് പിന്നാലെയാണ്. കമ്പനിയുടെ വിപണി മൂലധനത്തിൽ നിന്ന് 230 ബില്യൺ ഡോളറാണ് ഒറ്റ ദിവസത്തിൽ മായ്ക്കപ്പെട്ടത്.

Top