സൗദിയില്‍ ഇനി സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ജോലി മാറാം

റിയാദ്: സൗദിയില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനുമുള്ള തൊഴില്‍ നിയമ ഭേദഗതി പ്രാബല്യത്തിലായി. റീ എന്‍ട്രി (നാട്ടില്‍ പോയി വരാനുള്ള അനുമതി), ഫൈനല്‍ എക്‌സിറ്റ് (രാജ്യം വിടാനുള്ള അനുമതി) എന്നിവയ്ക്കും വിദേശ തൊഴിലാളികള്‍ക്കു നേരിട്ട് അപേക്ഷിക്കാം.

സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖാത് മൂലം തൊഴില്‍ ഭീഷണി നേരിടുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്കു സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്കു ജോലി മാറാന്‍ ഈ അവസരം വിനിയോഗിക്കാം. കൂടുതല്‍ വിദേശ തൊഴിലാളികളെ സൗദിയിലേക്ക് ആകര്‍ഷിക്കാനും ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.

എന്നാല്‍ ഒളിച്ചോടിയവര്‍ക്കും (ഹുറൂബ്) ഗാര്‍ഹിക തൊഴിലാളികള്‍ക്കും മാറാനാവില്ല. തൊഴിലാളി സൗദിയിലെത്തി 3 മാസത്തിനകം തൊഴില്‍ കരാര്‍ ഉണ്ടാക്കാതിരിക്കുക, തുടര്‍ച്ചയായി 3 മാസം ശമ്പളം നല്‍കാതിരിക്കുക, തൊഴിലുടമ മരിക്കുകയോ ജയിലിലാവുകയോ യാത്രയിലാവുകയോ ചെയ്യുക, ഇഖാമ (തൊഴില്‍ അനുമതി) കാലാവധി തീരുക, തൊഴിലുടമയ്ക്ക് എതിരെ കേസു കൊടുക്കുക, ബെനാമി ബിസിനസില്‍ തൊഴിലുടമ ഉള്‍പ്പെട്ടതായി തൊഴിലാളി പരാതിപ്പെടുക, മനുഷ്യക്കടത്തില്‍ തൊഴിലുടമയ്ക്കു പങ്കുണ്ടെന്നതിനു തെളിവു ഹാജരാക്കുക, തൊഴില്‍ തര്‍ക്ക കേസില്‍ കോടതിയില്‍ 2 തവണ തൊഴിലുടമ ഹാജാരാകാതിരിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ ജോലി മാറാം.

 

Top