മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മറ്റു ഒമ്പതു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും പലയിടത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യതയുള്ളത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ഹമൂണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശമുണ്ടെങ്കിലും കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top