ശബരിമലയിലെ തിരക്ക് നിയന്ത്രണം; പൊലീസ് ചുമതലകളില്‍ അഴിച്ചുപണി

പത്തനംതിട്ട : ശബരിമലയില്‍ പൊലീസ് ചുമതലകളില്‍ അഴിച്ചുപണി. കൊച്ചി ഡിസിപി സുദര്‍ശനന്‍ ഐപിഎസിനെ സന്നിധാനത്ത് നിയോഗിച്ചു. എസ് മധുസൂദനനെ പമ്പ സ്‌പെഷ്യല്‍ ഓഫീസറായും സന്തോഷ് കെ വിയെ നിലക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആയുമാണ് നിയമിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ കൂടിയാണ് മാറ്റം.

ശബരിമലയില്‍ മുന്‍ പരിചയമുള്ള എസ്പിമാരെയടക്കം ഉള്‍പ്പെടുത്തികൊണ്ടാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കി.

അതിനിടെ, വ്യാഴാഴ്ച ബിജെപി പ്രതിനിധി സംഘം  ശബരിമല സന്ദര്‍ശിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് ശബരിമല സന്ദര്‍ശിക്കുക. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.

Top