തിരുവനന്തപുരം: വിവാദകത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാടിനെ തള്ളി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തനിക്കെതിരെ ഹൈക്കമാന്‍ഡിന് അയച്ചു എന്നു പറയപ്പെടുന്ന കത്തില്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാനല്‍ വാര്‍ത്ത വന്നതുകൊണ്ടു മാത്രം കത്തിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും, രമേശ് ചെന്നിത്തല തന്നെ കത്തിനെക്കുറിച്ച് നിഷേധിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും, ജനങ്ങളാണ് സര്‍ക്കാരിനെയും, ഭരണത്തെയും വിലയിരുത്തേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കത്തിന്റെ ഉള്ളടക്കങ്ങളിലേക്ക് കടക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും നേരിടുന്ന തിരിച്ചടികള്‍ക്ക് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എഴുതിയ കത്തിന്റെ പകര്‍പ്പ് ഇക്കണോമിക് ടൈംസാണ് നേരത്തെ പുറത്തുവിട്ടത്.
സംസ്ഥാനത്തിനുള്ളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കമാന്‍ഡിന് കഴിഞ്ഞമാസം അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ കത്തിന്റെ പകര്‍പ്പ് വിവാദമായതോടെ രമേശ് ചെന്നിത്തല താന്‍ അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ കത്തിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതായും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി കത്തിനെക്കുറിച്ച് അന്വേഷണം വേണ്ടന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഈ മാസം 30ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സന്ദര്‍ശനവേളയില്‍ കോട്ടയത്ത് വച്ച് യു.ഡി.എഫ് നേതാക്കളുമായി സോണിയ പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും.
പ്രോട്ടോകോള്‍ നോക്കിയല്ല സോണിയാഗന്ധിയെ പരിപാടിയുടെ ഉദ്ഘാടകയാക്കിയതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


