ഒമിക്രോണ്‍ ഭീതി ജനിപ്പിച്ച് ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ തടഞ്ഞ സര്‍ക്കാര്‍ നയം ശരിയല്ലെന്ന് നേതാവ് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതി ജനിപ്പിച്ച് ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ തടഞ്ഞ സര്‍ക്കാര്‍ നയം ശരിയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. ഒമിക്രോണ്‍ വലിയ ഭീതി ജനിപ്പിക്കുന്നയൊന്നല്ലെന്ന് പഠനം പുറത്തുവന്നിരുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട ഹോസ്പിറ്റല്‍ സേവനം ആവശ്യമായ കേസുകളുടെ എണ്ണവും വളരെ ചുരുക്കമാണെന്നാണ് വസ്തുത. ഈ വസ്തുതകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് അടിസ്ഥാനവും ഉപകാരവുമില്ലാത്ത രാത്രികാല കര്‍ഫ്യൂ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അനാവശ്യ ഓമൈക്രോണ്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ദേവാലയങ്ങളിലെ ശ്രുശുഷകള്‍ തടഞ്ഞിരിക്കുന്ന ഗവണ്മെന്റിന്റെ നയം ശരിയല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ദക്ഷിണ ആഫ്രിക്കയില്‍ ഓമൈക്രോണ്‍ ആദ്യമായി കണ്ടെത്തിയപ്പോള്‍ തന്നെ വിശദമായ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ ഓമൈക്രോണ്‍ വലിയ ഭീതി ജനിപ്പിക്കുന്നയൊന്നല്ല എന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. കൂടാതെ ഓമൈക്രോണുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോസ്പിറ്റല്‍ സേവനം ആവശ്യമായ കേസുകളുടെ എണ്ണവും വളരെ ചുരുക്കം ആണെന്നാണ് കണക്കുകള്‍ പങ്കുവെക്കുന്ന വസ്തുത.

ഈ വസ്തുതകള്‍ എല്ലാം അറിഞ്ഞു വെച്ചുകൊണ്ടാണ് യാതൊരു വിധ അടിസ്ഥാനവും ഉപകാരവുമില്ലാത്ത രാത്രികാല കര്‍ഫ്യൂ ഗവണ്മെന്റ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. കേവലം മൂന്ന് ദിവസം അതും രാത്രിയില്‍ മാത്രം പുറത്തിറങ്ങുന്ന എന്തോ ആണ് ഓമൈക്രോണ്‍ എന്നാണ് കേരള ഗവണ്മെന്റ് ധരിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.

സമൂഹത്തില്‍ അനാവശ്യ ഓമൈക്രോണ്‍ ഭീതി പരത്തിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. കോവിഡ് സംസ്ഥാനത്ത് എത്തിയിട്ട് രണ്ടു വര്‍ഷം ആകുകയാണ്, ഇനിയെങ്കിലും ഗവണ്മെന്റ് ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഒഴിവാക്കി, കാര്യങ്ങള്‍ പഠിച്ചു നടപടികള്‍ എടുക്കുവാന്‍ തയാറാവണം.

Top