കൊലക്കേസ് പ്രതി നിഖിൽ പൈലി പ്രചാരണത്തിന്‌ വന്നത് ന്യായീകരിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി : പുതുപ്പള്ളിയിലെ യുഡിഎഫ്‌ പ്രചാരണത്തിന്‌ കൊലക്കേസ്‌ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ് നിഖിൽ പൈലി പങ്കെടുത്തതിനെ ന്യായീകരിച്ച് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. നിഖിൽപൈലി വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയാണ് പുതുപ്പള്ളിയിൽ നേതാക്കൾക്കൊപ്പം പ്രചാരണരംഗത്തുള്ളത്. ചാണ്ടി ഉമ്മനൊപ്പവും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നേതാക്കളായ കെ എസ്‌ ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പവും ഇരിക്കുന്ന നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ധീരജിനെ ഒറ്റക്കുത്തിന്‌ കൊന്ന കേസിലെ പ്രതികളെ ‘സ്വന്തം കുട്ടികൾ’ എന്നും കൊല്ലപ്പെട്ട ധീരജിനെ ‘മരണം ഇരന്നുവാങ്ങിയവൻ’ എന്നുമാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കോൺഗ്രസും വിശേഷിപ്പിച്ചത്‌. കൊലക്കേസിൽ പ്രതിയായ ശേഷമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായി നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ്‌ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്‌.

യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്‌ ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്‌, കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട്‌ നാണിക്കുന്നേൽ നിതിൻ ലൂക്കോസ്‌ എന്നിങ്ങനെ നേതാക്കൾ നേരിട്ട്‌ പങ്കെടുത്ത അപൂർവ കൊലപാതകമായിരുന്നു ധീരജിന്റേത്‌. മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ കുത്തിയതെന്നും പ്രതികൾക്കെല്ലം കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കുണ്ടെന്നും റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Top