പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയത്തോടെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എയായി ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിക്ക് ചാണ്ടി ഉമ്മന്‍ മതിയെന്ന് ജനങ്ങള്‍ വിധിയെഴുതിയപ്പോള്‍ കന്നിയങ്കത്തില്‍ അഭിമാന വിജയമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ഇതോടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ 37,719 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. എങ്കില്‍ പോലും എല്ലാ പഞ്ചായത്തുകളിലും ഇത്തവണ യുഡിഎഫ് ലീഡ് നേടി. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു എന്നാല്‍ ഇത്തവണ അതും ചാണ്ടി ഉമ്മന്‍ തിരുത്തി.

2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മികച്ച ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. മട്ടന്നൂരില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നേടിയ 60,963 ആണ് ഈ നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 50,123 ഭൂരിപക്ഷം നേടിയതും റെക്കോര്‍ഡ് ലിസ്റ്റിലുണ്ട്.

മലപ്പുറത്ത് നിന്ന് മുസ്ലിം ലീഗിന്റെ പി ഉബൈദുള്ള നേടിയ 35,208 വോട്ട് ആയിരുന്നു യുഡഎഫിന്റെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. കോണ്‍ഗ്രസില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് കരുനാഗപ്പള്ളിയില്‍ മത്സരിച്ച സി ആര്‍ മഹേഷാണ്. 29,208 ആയിരുന്നു ഭൂരിപക്ഷം. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യുഡിഎഫിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടിയിരിക്കുകയാണ്.

Top