20 – വർഷം വിശ്വസിച്ച രാഷ്ട്രീയം മറന്ന് മറ്റൊരു പാർട്ടിയിലേക്കില്ലന്ന് ചന്ദ്രു . . .

എസ്.എഫ്.ഐ – സി.പി.എം അംഗമല്ലെങ്കില്‍ പോലും ഇടതുപക്ഷ മനോഭാവം ഉള്‍കൊണ്ടു കഴിഞ്ഞാല്‍ അത് ജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് മുന്‍ എസ്.എഫ്.ഐ നേതാവും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ചന്ദ്രു. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തനിക്ക് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ചന്ദ്രു എക്‌സ്പ്രസ്സ് കേരളയോട് വ്യക്തമാക്കുകയുണ്ടായി.

ചന്ദ്രുവിനെ സി.പി.എം പുറത്താക്കിയതാണെന്ന് ആഘോഷിക്കുന്നവര്‍ക്കുള്ള ഒന്നാന്തരം ഒരു മറുപടിയാണിത്. അഖിലേന്ത്യാ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടി ശ്രീലങ്കന്‍ വിഷയത്തിലെ ചില നിലപാടുകള്‍ മുന്‍ നിര്‍ത്തി ചന്ദ്രുവിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി നടപടി എടുത്തു എന്നു കരുതി വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ തള്ളിപ്പറയുകയും മറ്റു പാര്‍ട്ടികളിലേക്ക് ചാടി കയറുകയും ചെയ്ത വ്യക്തിയല്ല ചന്ദ്രു.

അഭിഭാഷകനായപ്പോയും ജഡ്ജി പദവിയില്‍ നിന്നും വിരമിച്ചപ്പോഴും അത്തരം വര്‍ഗ്ഗ വഞ്ചന അദ്ദേഹം കാട്ടിയിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ ഓഫര്‍ ചന്ദ്രു നിഷേധിച്ചതും അതു കൊണ്ടാണ്. ചുവപ്പ് മനോഭാവം ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പിന്നീട് പാര്‍ട്ടിക്ക് പുറത്തായാലും അകത്തായാലും ആ പ്രത്യായശാസ്ത്രം തന്നെയാണ് ജീവിതം. അതാണ് ചന്ദ്രു ഇപ്പോള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ നടപടിക്ക് വിധേയരായവര്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കുറുന്നതും പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതും മാത്രമാണ് ഇവിടെ വാര്‍ത്തയാകാറുള്ളത്. അത്തരക്കാര്‍ പാര്‍ട്ടി അംഗമല്ലങ്കിലും ചുവപ്പ് പാതയില്‍ തന്നെ സഞ്ചരിക്കുന്നത് ഇവിടെ ആരും തന്നെ ചര്‍ച്ച ചെയ്യാറില്ല. അതാണ് ചരിത്രം.

സി.പി.എം അംഗങ്ങളേക്കാള്‍ എത്രയോ ഇരട്ടിയാണ് ആ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളെന്നതും നാം ഓര്‍ക്കണം. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു മാത്രം അവകാശപ്പെട്ട പ്രത്യേകതയാണത്. ചന്ദ്രു ചൂണ്ടിക്കാട്ടിയതു പോലെ ഇടതുപക്ഷ മനോഭാവം ഉള്‍കൊണ്ടു കഴിഞ്ഞാല്‍ അതു ജീവിതത്തില്‍ പകര്‍ത്താന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഒന്നും ആവശ്യമേയില്ല. ചന്ദ്രുവിനെ സി.പി.എം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നവര്‍ അതും ഓര്‍ത്തു കൊള്ളണം. എസ്.എഫ്.ഐ കാലം മുതല്‍ അനീതിക്കെതിരെ പോരാട്ടം നയിച്ച പോരാളിയാണ് ചന്ദ്രു. രാജാക്കണ്ണിന്റെ കുടുംബം മാത്രമല്ല അനവധി കുടുംബങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പോരാട്ടം നീതി നേടി കൊടുത്തിട്ടുണ്ട്.

സി പി.എം നടപടിക്ക് വിധേയനായ ചന്ദ്രുവിന്റെ അടുത്തേക്ക് രാജാക്കണ്ണിന്റെ ഭാര്യയെ പറഞ്ഞ് വിട്ടത് തന്നെ സി.പി.എം ആണ്. ഇക്കാര്യം രാജാക്കണ്ണിന്റെ ഭാര്യ തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രുവിനെ സ്വാധീനിക്കാന്‍ ഭരണകൂടത്തിനു കഴിയില്ലെന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് ഈ നിലപാട് സി.പി.എം സ്വീകരിച്ചിരുന്നത്. രാജാക്കണ്ണ് മിസിങ് കേസില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പടെ നടത്തിയതും സി.പി.എമ്മാണ്.

ജയ് ഭീം സിനിമയിലൂടെ ജസ്റ്റിസ് ചന്ദ്രുവും കമ്യൂണിസ്റ്റുകളുടെ പോരാട്ടവും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടതോടെ ഇപ്പോള്‍ കുരു പൊട്ടിയിരിക്കുന്നത് വലതുപക്ഷ വാലുകളായ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകളിലെ സി.പി.എം വിരുദ്ധര്‍ക്കുമാണ്. സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തെ ചോദ്യം ചെയ്താല്‍ തിരിച്ചടിക്കുമെന്നതിനാല്‍ ചന്ദ്രുവെന്ന റിയല്‍ ഹീറോയെ കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കാനാണ് വ്യാപകമായ ശ്രമം നടന്നിരിക്കുന്നത്. അതാണിവിടെ ഇപ്പോള്‍ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്.

ചന്ദ്രുവിനെ സംബന്ധിച്ച് ഇപ്പോഴും മാര്‍ക്‌സിസത്തോടും മാനവികതയോടുമുള്ള സ്‌നേഹം രണ്ടല്ല ഒന്നു തന്നെയാണ്. ഹൈക്കോടതി ജഡ്ജിയായിരിക്കെ 96,000 കേസുകളിലാണ് ജസ്റ്റിസ് ചന്ദ്രു വിധി പറഞ്ഞിരുന്നത്. രാജ്യത്തെ തന്നെ റെക്കോര്‍ഡാണിത്. ഇതിനു അദ്ദേഹത്തെ പ്രാപ്തനാക്കിയതും മനസ്സിലെ ചുവപ്പു സ്‌നേഹമാണ്. അതു തന്നെയാണ് യാഥാര്‍ത്ഥ്യവും.

EXPRESS KERALA VIEW

Top