ചന്ദ്രിക കള്ളപ്പണക്കേസ്; വി.കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഹാജരായില്ല. കൂടുതല്‍ സാവകാശം വേണമെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാന്‍ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു. അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. കള്ളപ്പണക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ 16 ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദ്ദേശം. ഇതിനിടയിലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top