ഒരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ട് ചന്ദ്രയാന്‍ 2; ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെട്ടു

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മറ്റൊരു നിര്‍ണായക ഘട്ടം പൂര്‍ത്തിയായി. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വിജയകരമായി വേര്‍പെട്ടു.

ഉച്ചക്ക് 1.15നാണ് വിക്രം ലാന്‍ഡറിന്റെ വേര്‍പെടല്‍ പൂര്‍ത്തിയായത്. നിലവില്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ ഉള്ളത്.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ നിന്ന് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്‌റോ അറിയിച്ചു.

ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു. വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഇസ്‌റോ അറിയിച്ചു.

Top