ചരിത്രം രചിക്കാന്‍ ചന്ദ്രയാന്‍ 2 ; ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും . .

തിരുവനന്തപുരം ; ചന്ദ്രയാൻ 2 പേടകം ഇന്നു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ചാന്ദ്രദൗത്യത്തിലെ ഏറ്റവും നിർണായക ചുവടുകളിലൊന്നാണ് ഇന്നു നടക്കുന്നത്. രാവിലെ 8.30നും 9.30 നും ഇടയിലാണു ഭ്രമണപഥ പ്രവേശം.

ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.

ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു 14 നാണ് പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറിൽ 39000 കിലോമീറ്ററോളം വേഗത്തിൽ കുതിക്കുന്ന പേടകത്തിന്റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.

ചന്ദ്രന്റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐ.എസ്.ആര്‍.ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.

സെപ്തംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കി,മീ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്പോള്‍ ഓര്‍ബിറ്ററും വിക്രം എന്ന ലാന്‍ഡറും വേര്‍പെടും. തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറിന്റെ വേഗത രണ്ടുഘട്ടമായി കുറച്ച് സെപ്തംബര്‍ 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.

Top