ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ഇന്ത്യ, പുതിയ ദൗത്യത്തിലൂടെ എന്ത് കണ്ടെത്തും ? ആകാംക്ഷയോടെ ലോകം

ടുവിൽ ആ വലിയ നേട്ടവും ഇന്ത്യ ഇപ്പോൾ കൈവരിച്ചിരിക്കുകയാണ്. ശാസ്ത്രലോകം ശ്വാസം അടക്കി പിടിച്ചു കൊണ്ടു നോക്കി നിന്ന ബഹിരാകാശ ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. റഷ്യ വീണയിടത്താണ് അമേരിക്കയെ പോലും വിസ്മയിപ്പിച്ച് ചന്ദ്രയാൻ- 3 കാലു കുത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചു മാത്രമല്ല ലോകത്തെ മാനവരാശിയെ സംബന്ധിച്ചും ഇതൊരു മഹത്തായ നേട്ടമാണ്. ഭാവിയിൽ ചന്ദ്രനെ താവളമാക്കാനുള്ള ദൗത്യങ്ങൾക്ക് സഹായകരമായ പല കണ്ടെത്തലുകളും ഇനി ചന്ദ്രയാൻ 3 – ൽ നിന്നും ഉണ്ടാകുമെന്നാണ് ശാസ്ത്ര ലോകവും പ്രതീക്ഷിക്കുന്നത്.

മുൻപ് അമേരിക്കയും റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനും ചൈനയും ചന്ദ്രനിൽ കാല് കുത്തിയിട്ടുണ്ടെങ്കിലും അവരാരും കണ്ടെത്താതിരുന്ന ജല സാന്നിധ്യം ചന്ദ്രനിൽ ആദ്യം കണ്ടെത്തിയിരുന്നത് ഇന്ത്യ 2008-ൽ വിക്ഷേപിച്ച ചാന്ദ്രയാൻ-1 ആയിരുന്നു. ഒടുവിൽ നീണ്ട നാളത്തെ ഗവേഷണത്തിന്‌ ശേഷം ഇക്കാര്യം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്ഥിരീകരിക്കുകയുണ്ടായി. ചന്ദ്രന്റെ ഉപരിതലത്തിൽ ജല കണമുണ്ടെന്നാണ്‌ നാസയും കണ്ടെത്തിയിരുന്നത്. നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ ‘സോഫിയയിലെ’ ദൂരദർശിനിയാണ്‌ ജലസാന്നിധ്യം കണ്ടെത്തിയിരുന്നത്‌.

ചന്ദ്ര ഉപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത മേഖലയിൽ കൂടുതൽ ജലമുണ്ടാകാമെന്നും നാസ വ്യക്തമാക്കുകയുണ്ടായി. ബഹികരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനവും വൻ വിജയമായിരുന്നു. 10 മാസത്തെ പ്രവർത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ ഒന്ന് രാജ്യത്തിന്റെ ബഹിരാകാശ പരിശ്രമങ്ങൾക്ക് വലിയ കുതിപ്പാണ് നൽകിയിരുന്നത്. ആദ്യ ദൗത്യത്തിന് ശേഷം 10 വർഷം കഴിഞ്ഞ് 2019നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 യാഥാർഥ്യമായത്.

ചന്ദ്രയാൻ ഒന്നിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ചന്ദ്രയാൻ രണ്ട്. പര്യവേക്ഷണ വാഹനമായ വിക്രം ലാൻഡറിനെ ചന്ദ്രനിൽ ഇടിച്ചിറക്കാതെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ പരാജയപ്പെടുകയാണുണ്ടായത്.ചന്ദ്രയാൻ രണ്ട് വിക്ഷേപണം പരാജയപ്പെട്ടെങ്കിലും നാല് വർഷത്തിനുശേഷം വീണ്ടും കൂടുതൽ കൃത്യതയോടെ ഐ.എസ്.ആർ. ഒ നടത്തിയ വിക്ഷേപണമാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്.

റഷ്യയുടെ ലൂണ –25 ദൗത്യം പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെ ഇന്ത്യ ചാന്ദ്രപര്യവേക്ഷക ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ശ്രമിക്കുന്ന സമയത്തെ ‘ഭീതിയുടെ 20 മിനിറ്റ്’ എന്നാണ് ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞർ പോലും വിശേഷിപ്പിച്ചിരുന്നത്. ലോക ശക്തിയായ റഷ്യ പരാജയപ്പെട്ടിടത്താണ് ഇന്ത്യ ഇപ്പോൾ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ലോകത്തെ മറ്റൊരു ദൗത്യത്തിനും കഴിയാതിരുന്ന മൈലേജാണ് ഇന്ത്യയ്ക്ക് ഈ ദൗത്യം നേടിക്കൊടുത്തിരിക്കുന്നത്.

1976ൽ ചന്ദ്രനിലേക്കു വിട്ട ലൂണ 24 ആണ് ചന്ദ്രനിലേക്കു പോയ റഷ്യയുടെ അവസാന ലൂണ ദൗത്യം. ധാരാളം പാരമ്പര്യം പേറുന്ന ഒരു പ്രോഗ്രാമായാണ് ലൂണ അറിയപ്പെടുന്നത്. 1958 മുതൽ 2023 വരെയുള്ള കാലയളവിൽ 15 ദൗത്യങ്ങൾ ലൂണ വിജയമാക്കിയപ്പോൾ 29 ദൗത്യങ്ങളാണ് പരാജയപ്പെട്ടിരുന്നത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാൻ -3 അന്യഗഹ ജീവികളെ കണ്ടെത്തുമോ എന്ന ചർച്ചകളും ശാസ്ത്ര ലോകത്തിപ്പോൾ വലിയ ചർച്ചയാണ്. അമേരിക്കയിൽ ഉൾപ്പെടെ അന്യഗ്രഹ ജീവകളുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സാഹചര്യത്തിൽ ഇക്കാര്യവും നാസ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്.

ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ ഇന്ത്യ അന്യഗ്രഹ ജീവികളെയും അവിടെ കണ്ടെത്തിയാൽ അത് ലോകത്തെ സംബന്ധിച്ച്‌ മറ്റൊരു നിർണ്ണായക കണ്ടെത്തലായി മാറും. അതേസമയം, ചന്ദ്രയാൻ – 3 വിവര ശേഖരണത്തിനു പുറമെ ചന്ദ്രനിലെ ഇന്ത്യയുടെ സാന്നിധ്യത്തിന് അടിവരയിടാന്‍ രാജ്യത്തിന്റെ ദേശീയ ചിഹ്നവും ഇസ്രോയുടെ ചിഹ്നവും കൂടി ചന്ദ്രോപരിതലത്തില്‍ ആലേഖനം ചെയ്യും.

EXPRESS KERALA VIEW

Top