ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍-2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിലെ എല്‍14 ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഒദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് ചന്ദ്രയാന്‍ 2. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ പി കുഞ്ഞി കുഷ്ണനാണ്.

14 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്. 3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്,ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്.

ഇതുവരെ ലോകത്തെ ഒരു രാജ്യവും പരീക്ഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇന്ത്യയുടെ ഉപഗ്രഹം ഇറങ്ങുന്നത് രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

Top