ഇനി നിര്‍ണായക നിമിഷങ്ങള്‍ . . ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയം ഇങ്ങനെ

ശ്രീഹരിക്കോട്ട : ചാന്ദ്രയാന്‍ രണ്ടിന്റെ ചന്ദ്രനിലെ സോഫ്റ്റ് ലാന്‍ഡിംഗിനായി ആകാംക്ഷയോടെ രാജ്യം കാത്തിരിക്കുകയാണ്. മുന്‍നിര രാജ്യങ്ങള്‍ മാത്രം സ്വന്തമാക്കിയ ചരിത്ര നേട്ടത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. പുലര്‍ച്ചെ 1.53ന് സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്.

ലാന്‍ഡിംഗിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ച ഐഎസ്ആഒ നാല് തവണ ലാന്‍ഡിംഗ് മൊഡ്യൂളിന്റെ ഭ്രമണപഥം താഴ്ത്തി. ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു. നാലും വിജയകരമായിരുന്നു.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് ഏതാണ്ട് 1.40-ഓടെ താഴേയ്ക്കിറങ്ങാന്‍ തുടങ്ങും. 930 സെക്കന്റുകള്‍ വേണം ഇന്ത്യയുടെ വിജയദൗത്യം പൂര്‍ത്തിയാകാന്‍. ചന്ദ്രോപരിതലം തൊടുന്നതോടെ പതുക്കെ എഞ്ചിനുകള്‍ ഓഫാകും.

30 കിലോമീറ്റര്‍ ദൂരത്തുള്ള ഓര്‍ബിറ്റിലാണ് ലാന്‍ഡറുള്ളത് ഇപ്പോള്‍. സെക്കന്റില്‍ 1.681 കിലോ മീറ്റര്‍ വേഗതയിലാണ് നിലവില്‍ പേടകം ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്നത്. അത് താഴേയ്ക്കിറങ്ങുന്ന സമയം പതിനഞ്ച് മിനിറ്റാണ്.

ചരിഞ്ഞ പാതയിലൂടെ നീങ്ങി, ചന്ദ്രോപരിതലത്തിലെ കുഴികളും പാറക്കല്ലുകളും ഒക്കെ നിരീക്ഷിച്ച് ആയിരിക്കും യാത്ര. ഇതിനായി ആകെ 570 കിലോമീറ്റര്‍ വരെ ലാന്ററിന് സഞ്ചരിക്കേണ്ടിവരും.

930ലെ ആദ്യ സെക്കന്റില്‍ വിക്രം ലാന്ററിന് താഴെയുള്ള അഞ്ച് എഞ്ചിനുകളില്‍ നാല് എണ്ണം പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ ലാന്‍ഡറിന്റെ വേഗത കുറഞ്ഞ് തുടങ്ങും. പല ഘട്ടങ്ങളിലായാണ് പേടകത്തിന്റെ ചന്ദ്രോപരിതലത്തിലേക്കുള്ള ഈ യാത്ര സാധ്യമാകുന്നത്. ഇടയ്ക്ക് ഇറക്കം നിര്‍ത്തി, ലാന്‍ഡര്‍ ഇറങ്ങാനുള്ള സ്ഥലം നിരീക്ഷിക്കും.

620 സെക്കന്റ് കഴിയുന്നതോടെ ലാന്‍ഡറിന്റെ പ്രവേഗം വലിയ തോതില്‍ കുറയും, സെക്കന്റില്‍ 0.150 കിലോ മീറ്റര്‍ വരെയായി ഇത് മാറും. ഈ സമയം ഉപരിതലത്തില്‍ നിന്ന് 7.4 കിലോമീറ്റര്‍ ഉയരത്തിലാകും ഈ സമയത്ത് ലാന്‍ഡര്‍.

ഏകദേശം 740 സെക്കന്‍ഡ് ആകുന്നതോടെ നാല് എഞ്ചിനുകളില്‍ രണ്ടെണ്ണം ഓഫാക്കും. അത്രയും നേരം എഞ്ചിന്‍ പ്രവര്‍ത്തിച്ചതിലൂടെ വലിയൊരു അളവ് ഇന്ധനം കത്തി തീര്‍ന്നിരിക്കും. അതുകൊണ്ട് തന്നെ ലാന്‍ഡറിന്റെ ഭാരവും കുറയും. ഇനി രണ്ട് എഞ്ചിനുകളാണ് പ്രവര്‍ത്തിക്കേണ്ടത്.

ചന്ദ്രോപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഇറക്കം നിര്‍ത്തി ലാന്റര്‍ ഒരു ഹോവറിംഗ് നടത്തും. അതായത് വായുവില്‍ തന്നെ നിന്ന് ഇറങ്ങേണ്ട സ്ഥലത്തെക്കുറിച്ചുള്ള ഒരു വിവരശേഖരണം നടത്തും. പത്തോ ഇരുപതോ സെക്കന്റ് എടുത്താകും ഈ പരിശോധന.

10 മീറ്റര്‍ മുകളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഫ്രീ ഫാളാണ്. അതായത് 920 സെക്കന്റില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രണ്ട് എഞ്ചിനുകളും കൂടി പ്രവര്‍ത്തനം നിര്‍ത്തും . പിന്നെയൊരു വീഴ്ചയാണ്. പക്ഷെ അവസാന പത്ത് സെക്കന്റിലും അതുവരെ പ്രവര്‍ത്തിക്കാതിരുന്ന അഞ്ചാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.

ലാന്‍ഡിംഗിന് തൊട്ടുമുമ്പ് ത്രസ്റ്ററുകള്‍ ഉപയോഗിക്കുന്നത് വിക്രം ലാന്‍ഡര്‍ ഒഴിവാക്കും. ആ സമയത്ത് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മാത്രമാകും താഴേയ്ക്കിറങ്ങാനുള്ള ആശ്രയം. അതിന് കാരണം വേറൊന്നുമല്ല. ചന്ദ്രോപരിതലത്തിലെ പൊടി ത്രസ്റ്ററുകള്‍ ഉപയോഗിച്ചാല്‍ ആകെ പറക്കും. അത് ലാന്‍ഡറിനെയോ, അതിന്റെ സോളാര്‍ പാനലുകളെയോ ഈ പൊടി വന്ന് മൂടാതിരിക്കാനാണ് ത്രസ്റ്ററുകള്‍ അങ്ങ് ഓഫാക്കിക്കളയുന്നത്. അങ്ങനെ 930-ാം സെക്കന്റില്‍ ചന്ദ്രയാന്‍ – 2 ചന്ദ്രോപരിതലം തൊടും.

അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ വളരെ ആകാംക്ഷയോടെ ചാന്ദ്രയാന്‍ രണ്ടിന്റെ പ്രവര്‍ത്തനം വീക്ഷിക്കുന്നുണ്ട്.

Top