ചന്ദ്രയാന്‍-2 വരാനിരിക്കുന്ന കൂടുതല്‍ നേട്ടങ്ങള്‍ക്ക് അടിത്തറിയിട്ടു; അഭിനന്ദിച്ച് സോണിയ ഗാന്ധി

sonia

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എല്ലാ തടസങ്ങളും ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

സമയത്തെ പോലും കണക്കാക്കാതെ ചന്ദ്രയാന്‍ യാത്രയെ രാജ്യം പിന്തുടര്‍ന്നെന്നും ചന്ദ്രയാന്‍-2 ദൗത്യം വരാനിരിക്കുന്ന കൂടുതല്‍ നേട്ടങ്ങള്‍ക്ക് അടിത്തറിയിട്ടെന്നും ബഹിരാകാശത്തിന്റെ അതിര്‍ത്തി ഭേദിക്കുന്ന അടുത്ത യാത്രയ്ക്കായി രാജ്യം മുഴുവനും കാത്തിരിക്കുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ഇസ്റോ ശാസ്ത്രജ്ഞര്‍ വിജയകരമായ 115 ബഹിരാകാശ ദൗത്യങ്ങളിലൂടെ വലിയ നേട്ടമാണ് കൈവരിച്ചത്. ചന്ദ്രയാന്‍-1 ഉം മംഗള്‍യാനും അത്ഭുതകരമായ വിജയമാണ് കൈവരിച്ചത്. അവരുടെ അതിരില്ലാത്ത വിജയങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു, സോണിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിനുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരു വര്‍ഷമാണ്.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.

സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Top