ചന്ദ്രയാന്‍ 3: ഇന്ത്യക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജന്‍സികള്‍

ദില്ലി: ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ ചന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു. വൈകിട്ട് 5.45ന് തുടങ്ങുന്ന ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ട് കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് അറിയിപ്പ്. ലാന്‍ഡിങ്ങിന് മുന്നോടിയായി പേടകത്തിലെ സംവിധാനങ്ങള്‍ ഓരോന്നായി ഐഎസ് ആര്‍ഒ പരിശോധിച്ചു. ബെംഗളൂരു ഇസ്ട്രാക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സില്‍ നിന്നാണ് നിയന്ത്രണം മുഴുവന്‍. ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ആന്റിനകള്‍ക്കൊപ്പം അമേരിക്കയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും ഡീപ്പ് സ്‌പേസ് നെറ്റ്വര്‍ക്കുകള്‍ ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്.

ലാന്‍ഡിങ്ങിന് മുന്നോടിയായി പേടകമെടുത്ത കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ലാന്‍ഡറിലെ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ ചന്ദ്രോപരിതലത്തില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ ഉയരത്തില്‍ വച്ചെടുത്ത ചിത്രങ്ങളും ഇതില്‍പ്പെടും. സോഫ്റ്റ് ലാന്‍ഡിങ്ങില്‍ നിര്‍ണായകമായ ഉപകരണമാണിത്. ലാന്‍ഡിങ്ങിനിടെ ഈ ക്യാമറ എടുക്കുന്ന ചിത്രങ്ങള്‍ പേടകത്തില്‍ നേരത്തെ സൂക്ഷിച്ച ചിത്രങ്ങളുമായി ഒത്തു നോക്കിയാണ് സോഫ്റ്റ്‌വെയര്‍ ലാന്‍ഡിങ്ങ് സ്ഥാനം തിരിച്ചറിയുക. ലാന്‍ഡറിലെ മറ്റൊരു ക്യാമറയെടുത്ത വീഡിയോ ദൃശ്യവും ഇസ്രൊ പുറത്തുവിട്ടിരുന്നു.

മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

Top