ചന്ദ്രയാന്‍-3 ന് അനുമതി; വിക്ഷേപണം ഈ വര്‍ഷം;ആദ്യ ഗഗൻയാൻ ദൗത്യത്തിൽ നാല് പേർ

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. വിക്ഷേപണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആളില്ലാ പതിപ്പ് ഈവര്‍ഷം അവസാനം വിക്ഷേപിക്കുമെന്നും കെ.ശിവന്‍ വ്യക്തമാക്കി. ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുവെന്നും റഷ്യയുടെ സഹകരണത്തോടെ ഇവര്‍ക്കുള്ള പരിശീലനം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ കൂട്ടിച്ചേര്‍ത്തു.

2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.

ചന്ദ്രയാന്‍ രണ്ടിന്റെ അവസാന മിനിറ്റിലുണ്ടായ തിരിച്ചടി മറികടക്കാനാണ് ഇസ്‌റോ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം പതിപ്പ് ഒരുക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു ചന്ദ്രോപരിതലത്തില്‍ പതിച്ച ലാന്‍ഡറിനും റോവറിനും പകരക്കാരെ മാത്രമാണ് ചന്ദ്രയാന്‍ മൂന്നില്‍ വിക്ഷേപിക്കുക. നിലവില്‍ ചന്ദ്രനു ചുറ്റും കറങ്ങുന്ന ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററിനാണ് ചന്ദ്രയാന്‍ മൂന്നിന്റെ സിഗ്‌നലുകള്‍ ഭൂമിയിലെത്തിക്കാനുള്ള ചുമതല.

Top