ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന് പണം വേണം, കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഇസ്രൊ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം 90% വിജയിച്ചെങ്കിലും അവസാന നിമിഷത്തെ സോഫ്റ്റ് ലാന്‍ഡിംഗിലെ പാളിച്ച വലിയ ഒരു പോരായ്മയായാണ് ഇസ്രൊ വിലയിരുത്തുന്നത്. എന്നാല്‍ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ചന്ദ്രയാന്‍-3 ദൗത്യമാണ് ഇന്ത്യ നടത്താന്‍ പോകുന്നത്.

അതേസമയം ഈ ചരിത്ര വിക്ഷേപണത്തിന് കൂടുതല്‍ പണം ആവശ്യമാണെന്നും ഇത് കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലേതിനെക്കാള്‍ 75 കോടി രൂപ ചന്ദ്രയാന്‍ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ഇസ്രൊയുടെ ആവശ്യം. മൂന്നാം ചാന്ദ്രദൗത്യം അടുത്ത വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നോടിയായാണ് ഐഎസ്ആര്‍ഓയുടെ നടപടി. ആകെ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒ തേടിയിരിക്കുന്നത്.

ലാന്‍ഡിംഗ് സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്തും. പുതിയ ലാന്‍ഡറിന് അത്ര സോഫ്റ്റായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നേരെ നില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ ഉറപ്പുള്ള ഘടന നല്‍കാനാണ് പുതിയ ദൗത്യത്തില്‍ ശ്രമം. ഇതിനായി കൂടുതല്‍ ഇന്ധനം കരുതാനും സംവിധാനമൊരുക്കും. നിലവില്‍ ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബറില്‍ നടത്താനാണ് തിരുമാനം.

Top