ചന്ദ്രയാന്‍2: കൊച്ചു കുഞ്ഞിനെയെന്നോണം കരുതല്‍ ആവശ്യമാണ്, ഡോ.കെ.ശിവന്‍ പറയുന്നു

ബെംഗളൂരു: ലോകം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള്‍ മാത്രം. പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ് ലാന്‍ഡിങ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ അതുവരെയുള്ള നിമിഷങ്ങള്‍ ഉത്കണ്ഠയുടേതാണ്.അവസാന ഘട്ടത്തില്‍, ചന്ദ്രനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലത്തിലെത്തുന്ന ലാന്‍ഡര്‍ അവസാന മിനിട്ടുകളിലാണ് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തേണ്ടത്. അതുകൊണ്ടുതന്നെ അവസാനത്തെ ഈ 15 മിനിട്ടുകള്‍ അതീവ നിര്‍ണായകമാണ്.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചങ്കിടിപ്പേറിയ നിമിഷങ്ങളായിരിക്കും ഇത്. ഈ ഘട്ടത്തില്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നോണം ലാന്‍ഡറിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. കെ. ശിവന്‍ പറയുന്നു. ‘പെട്ടെന്ന് ഒരു നിമിഷം ഒരാള്‍ നമ്മുടെ കൈകളിലേയ്ക്ക് ഒരു നവജാത ശിശുവിനെ തന്നെന്നിരിക്കട്ടെ. ഒരു തയ്യാറെടുപ്പും കൂടാതെ നമുക്ക് കുഞ്ഞിനെ കൈയ്യിലെടുക്കാനാവുമോ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ. അതുപോലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പല രീതിയില്‍ നീങ്ങിയെന്നിരിക്കും. അപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നോണം കരുതല്‍ ആവശ്യമാണ്’- ഡോ. ശിവന്‍ പറഞ്ഞു.

സോഫ്റ്റ് ലാന്‍ഡിങ് എന്നത് വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതാകുന്നതെന്നും ഡോ. ശിവന്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ബംഗളുരു പീനിയയിലെ ഇസ്‌റോ കേന്ദ്രത്തിലെത്തും. കാര്യമായി സൂര്യപ്രകാശം എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ലോകത്തിലെ ആദ്യ പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍2.

അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രനില്‍നിന്ന് 35 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡറിനെ എത്തിച്ചിരിക്കുന്നത്. ഇതുവരെ 37ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിങ് 100 ശതമാനം വിജയമാക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതുവരെയുള്ള ഘട്ടങ്ങള്‍ അണുവിട തെറ്റാതെ പൂര്‍ത്തിയാക്കിയ ഇസ്‌റോയിലെ ശാസ്ത്രജ്ഞര്‍ അന്തിമ ദൗത്യവും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.നാഷനല്‍ ജ്യോഗ്രഫിക് ചാനലിലൂടെ ലാന്‍ഡിങ് തത്സമയം ലോകമെമ്പാടുമുള്ളവര്‍ കാണും.

അമേരിക്കയും റഷ്യും ചൈനയും മാത്രമേ ഇതിനു മുമ്പ് സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയില്‍ വിജയിച്ചിട്ടൊള്ളൂ. അതും കാര്യമായ തടസങ്ങളില്ലാത്ത വേണ്ടത്ര വെളിച്ചമുള്ള ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍. ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണമായതിനാല്‍ തന്നെ രാജ്യത്തിനൊപ്പം ലോകവും ആകാംക്ഷയിലാണ്. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായാല്‍ ചരിത്രം കുറിക്കുന്നതിനൊപ്പം ഗോളാന്തര ശാസ്ത്രത്തില്‍ പുതിയ വഴിത്തിരിവുകളും ചന്ദ്രയാന്‍ സൃഷ്ടിക്കും. പ്രധാനമായിട്ടും ഭൂമിക്കുപുറത്തെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ്‍ ചന്ദ്രയാന്‍2 ശാസ്ത്രലോകത്തിനു നല്‍കുക.

Top