ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി; അഭിമാന നിമിഷത്തില്‍ ഇന്ത്യ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.

ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.

Top