ചന്ദ്രയാന്‍2 ഇടിച്ചിറങ്ങിയതാകാം; ബന്ധം പുനഃസ്ഥാപിക്കാന്‍ സാധ്യത കുറവെന്ന് ഇസ്രോ

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള ശ്രമത്തിനിടെ സിഗ്‌നലുകള്‍ നഷ്ടപ്പെട്ട വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍. ചന്ദ്രോപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തുകയും ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം (ഒരു വസ്തുവിന്റെ താപനില അടിസ്ഥാനപ്പെടുത്തി എടുക്കുന്ന ചിത്രം) പകര്‍ത്തി അയയ്ക്കുകയും ചെയ്തിരുന്നു.ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡോ.ശിവന്‍ അറിയിച്ചു.

ഇതിനിടെ, ലാന്‍ഡര്‍ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന സൂചനകള്‍ ഈ മേഖലയിലെ വിദഗ്ധര്‍ മുന്നോട്ടുവച്ചു. ഇടിച്ചിറങ്ങിയിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നത്. ഇടിച്ചിറക്കത്തിലുണ്ടായ ആഘാതം മൂലം ട്രാന്‍സ്‌പോണ്ടറുകള്‍ തകരാറിലായതാകാം ആശയവിനിമയത്തിനു വിലങ്ങുതടിയായത്.

ഓര്‍ബിറ്ററും ലാന്‍ഡറുമായി ബന്ധം സ്ഥാപിച്ച്, ലാന്‍ഡറിന്റെ ബാറ്ററികളെയും സോളര്‍ പാനലുകളെയും വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് ഇസ്‌റോ നടത്തുന്നത്. എന്നാല്‍ സമയം വൈകുംതോറും സാധ്യത വൈകും. ലാന്‍ഡറിലും റോവറിലുമായി 5 പേലോഡുകളാണ് (ശാസ്ത്രീയ ഉപകരണങ്ങള്‍) സ്ഥാപിച്ചിരിക്കുന്നത്. ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഇവ നഷ്ടമാകും. ലാന്‍ഡര്‍ ഇറങ്ങിയ ദക്ഷിണധ്രുവം ഇരുണ്ട നിഴല്‍പ്രദേശമായതിനാല്‍ വ്യക്തതയുള്ള ചിത്രമെടുക്കുന്നത് എളുപ്പമല്ല. അതിനാലാണു തെര്‍മല്‍ ഇമേജിങ് ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയത്.

Top