ചന്ദ്രയാന്‍ 2വിൽ അമേരിക്കക്കും പ്രതീക്ഷ, നാസയും ഒടുവിൽ ഇന്ത്യയെ ആശ്രയിച്ചു

ലോകത്തിലെ ഏറ്റവും വലിയ സ്‌പേസ് ഏജന്‍സിയായ നാസയ്ക്കും ഒടുവില്‍ ആശ്രയമാകുന്നത് ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം.ജൂലൈയില്‍ കുതിക്കാനൊരുങ്ങുന്ന ചന്ദ്രയാന്‍ 2 ല്‍ 13 പേ ലോഡുകള്‍ക്കൊപ്പം നാസയുടെ പരീക്ഷണ ഉപകരണങ്ങളും ഉണ്ടാകും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

13 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്. അതേസമയം പേ ലോഡുകളുടെ വിശദവിവരം ഐ.എസ്.ആര്‍.ഒ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്,ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്.

ഇതുവരെ ലോകത്തെ ഒരു രാജ്യവും പരീക്ഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഉപഗ്രഹം ഇറക്കാനാണ് ഐ.എസ്.ആര്‍.ഒ ഉദ്യേശിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് ഇന്ത്യ വിജയകരമായി നടത്തിയ ചന്ദ്രയാന്‍ ഒന്നിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണിത്. ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത് ചന്ദ്രിയാന്‍ ഒന്നായിരുന്നു. അതു കൊണ്ട് തന്നെ ചന്ദ്രിയാന്‍ 2 ന്റെ വിക്ഷേപണത്തെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ബഹിരാകാശ മേഖലയില്‍ ലോകത്തിന് അനിവാര്യമായ ശക്തിയായി ഇന്ത്യ മാറുന്നത് ചൈനയെ സംബന്ധിച്ചും പാക്കിസ്ഥാനെ സംബന്ധിച്ചും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്വാധീനം കൂടുതല്‍ ശക്തമാകാന്‍ ചന്ദ്രയാന്‍ 2 പരീക്ഷണം വിജയിച്ചാല്‍ കാരണമാകുമെന്നും അവര്‍ ഭയക്കുന്നുണ്ട്.

കണ്ടുപിടുത്തങ്ങളില്‍ അസാധാരണമായ മുന്നറ്റമാണ് ഇന്ത്യ കൈവരിച്ച് കൊണ്ടിരിക്കുന്നതെന്ന വിലയിരുത്തലാണ് ലോകരാഷ്ട്രങ്ങള്‍ക്കുള്ളത്. ഇന്ത്യയുടെ ഈ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ജൂലായ് 9 നും 16നും ഇടയില്‍ നടക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറിന് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

800 കോടി രൂപ ചെലവിലാണ് ചാന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനുമാണ്. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. ചെലവു ചുരുക്കലിന്റെ കാര്യത്തിലും ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ 2 വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള ഈ റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്ബോയ് എന്നാണറിയപ്പെടുന്നത്. ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യവും, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവുമെല്ലാം ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെയാണ് നാസയും ഈ ദൗത്യത്തെ ആകാംഷയോടെ നോക്കിക്കാണുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2. ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3,290 കിലോയാണ്.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാന്‍ഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.

ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ നടത്തുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കെല്ലാം നല്‍കിയ ശക്തമായ മറുപടിയാണ് ഇന്ത്യയുടെ ഈ കുതിപ്പ്.

Top