ലക്ഷ്യം കാണുന്നവരെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്ന് ഐ.എസ്.ആര്‍.ഒ പിന്‍മാറില്ല: മോദി

മുംബൈ: ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ലക്ഷ്യം കാണുന്നവരെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്ന് ഐ.എസ്.ആര്‍.ഒ പിന്‍മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലുവിളികളെ വകവയ്ക്കാതെ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് പഠിക്കാനായെന്നും മോദി പറഞ്ഞു. മുംബൈയില്‍ പുതിയ മെട്രോ പാതകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ്ങ് വിജയകരമായിരുന്നില്ല. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചിരുന്നു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസപ്പെട്ടത്.

പദ്ധതി അനിശ്ചിതത്വത്തിന് പിന്നാലെ വന്‍ പിരിമുറുക്കത്തിലായിരുന്നു ഐ.എസ്.ആര്‍.ഒ കേന്ദ്രം. നിരാശരായ ശാസ്ത്രജ്ഞരെ കണ്‍ട്രോള്‍ റൂമിലെത്തി മോദി ആശ്വസിപ്പിച്ചു. ഇസ്‌റോ ശാസ്ത്രജ്ഞര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കും തിരിച്ചടിയില്‍ തളരരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒയില്‍ നിന്ന് മടങ്ങിയത്.

തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്നും വീണ്ടും പരിശ്രമങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദൗത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണം. ബഹിരാകാശ ദൗത്യങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു.

Top