വിക്രം ലാന്ററുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല; സ്ഥിരീകരിച്ച് ഇസ്രൊ മേധാവി

ഭുവനേശ്വര്‍: ചന്ദ്രയാന്‍ 2 വിക്രം ലാന്ററുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവിയുടെ സ്ഥിരീകരണം. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഓര്‍ബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.എസ്.ആര്‍.ഒ. മേധാവി കെ.ശിവന്‍ ഭുവനേശ്വറില്‍ പറഞ്ഞു.

ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും നേരത്തെ നിശ്ചയിച്ചതുപ്രകാരം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചാന്ദ്രയാന്‍ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിനാണെന്നും ഐ.എസ്.ആര്‍.ഒ. മേധാവി വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

14 ദിവസത്തെ ചാന്ദ്ര പകല്‍ അത്രയും തന്നെ ദൈര്‍ഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെയാണ് വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചത്. ഇപ്പോള്‍ ലാന്‍ഡറിന് എന്ത് പറ്റി എന്ന് പരിശോധിച്ച് വരികയാണ് ഇസ്രൊ. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ വിക്രമിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ പേടകവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസയുടെ ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

Top