തെലങ്കാന മുഖ്യമന്ത്രിക്ക് തുടക്കം പിഴച്ചു, പ്രാദേശിക പാർട്ടികളും കൈവിട്ടു ! !

ടി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയ റാവുവിനോട് നോ പറഞ്ഞിരിക്കുകയാണിപ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡി.എം.കെ നേതാവ് സ്റ്റാലിനും.

കേവലം 17 ലോക്സഭാ സീറ്റുള്ള തെലങ്കാനയിലെ പ്രാദേശിക പാര്‍ട്ടിയായ ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖരറാവു, 545 എം.പിമാരുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ നടത്തുന്ന കളികള്‍ കൗതുകത്തോടെയാണ് രാഷ്ട്രീയ ലോകം നോക്കി കാണുന്നത്.

കോണ്‍ഗ്രസ്, ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ നേതൃത്വത്തെയും കണ്ട് പിന്തുണ ഉറപ്പിക്കുകയും ഫെഡറല്‍ മുന്നണിയുടെ ഭാഗമാക്കാന്‍ ഓടിനടക്കുകയുമാണിപ്പോള്‍ റാവു.

എന്‍.ഡി.എയുടെയും യു.പി.എയുടെയും ഭാഗമല്ലാത്ത കക്ഷികള്‍ക്ക് 120 സീറ്റ് ലഭിക്കുമെന്നാണ് റാവുവിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയില്‍ പ്രധാനമന്ത്രി സ്ഥാനവും അദ്ദേഹം സ്വപ്നം കാണുന്നു. എന്നാല്‍ ചന്ദ്രശേഖര റാവുവിനെ വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

നേരത്തെ ടി.ആര്‍.സ് യു.പി.എയുടെ ഭാഗമായിരുന്നു . കേന്ദ്ര മന്ത്രിസഭയിലും പ്രാതിനിധ്യം ലഭിച്ചിരുന്നു. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപം കൊണ്ടതോടെ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ ആന്ധ്രപ്രദേശിലും പുതിയ സംസ്ഥാനമായ തെലുങ്കാനയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ഇതോടെ ചന്ദ്രശേഖരറാവു കോണ്‍ഗ്രസ് ബന്ധവും ഉപേക്ഷിച്ചു.

എന്‍ഡിഎയില്‍ ചേക്കേറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശമാകട്ടെ ഇപ്പോള്‍ ഇരുമുന്നണിയിലുമില്ലാതെ പുറത്തുനില്‍ക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ തട്ടകമായ ആന്ധ്രയില്‍ ഇത്തവണ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുമായി ചന്ദ്രശേഖറ റാവുവിന്റെ മകനും പാര്‍ട്ടിയിലെ രണ്ടാമനുമായ രാമറാവു നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ നീക്കങ്ങളെല്ലാം ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് ഭരണം നേടിക്കൊടുക്കാനുള്ള തന്ത്രപരമായ നീക്കമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

അപകടം മുന്നില്‍ കണ്ട് റാവുവുമായി സഹകരിക്കരുതെന്ന് യു.പി.എ സഖ്യകക്ഷികളോടും എസ്.പി, ബി.എസ്.പി പാര്‍ട്ടികളോടും കോണ്‍ഗ്രസ് ഇതിനകം തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചന്ദ്രശേഖരറാവുവിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് പിണറായി വിജയനെ കണ്ട് തമിഴ്നാട്ടില്‍ എത്താനിരുന്ന ചന്ദ്രശേഖരറാവുവുമായി ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ കൂടിക്കാഴ്ചപോലും ഉപേക്ഷിച്ചത്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടികാട്ടിയാണ് സ്റ്റാലിന്‍ റാവുവിന് മുഖംനല്‍കാന്‍പോലും തയ്യാറാകാതിരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയ നേതാവാണ് സ്റ്റാലിന്‍. തമിഴ്നാട്ടില്‍ സ്റ്റാലിന്റെ മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷിയാണ് സി.പി.എമ്മും മുസ്ലിം ലീഗും.കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ച റാവുവിന്റെ ഫെഡറല്‍ മുന്നണിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിപ്പറഞ്ഞതും ഈ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.

മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ഒരു ആശയവിനിമയം എന്നതിനപ്പുറം ഈ കൂടിക്കാഴ്ച്ചക്ക് പിണറായിയും വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. സിപിഎമ്മിന്റെ സംഘടനാരീതി വെച്ച് നിലപാടുകളും നയങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. പാര്‍ട്ടി നിലപാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ സിപിഎം മുഖ്യമാന്ത്രിമാര്‍ക്കുള്ളൂ.

തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം സഖ്യങ്ങള്‍ വിജയിക്കില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷമാണ് അവയ്ക്ക് സാധ്യതയെന്നുമാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.

13 കക്ഷികള്‍ ഒന്നിച്ചാവശ്യപ്പെട്ടിട്ടും ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കേണ്ടെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതരമുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിലപാടാണ് യെച്ചൂരിക്കുള്ളത്. ഇക്കാര്യത്തിന്‍ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതായിരിക്കും.

80 ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശിലെ എസ്.പി- ബി.എസ്.പി സഖ്യമാണ് ഇത്തവണ കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന പ്രധാന കക്ഷികള്‍, ബംഗാളില്‍ മമതാ ബാനര്‍ജി, ആംആദ്മി പാര്‍ട്ടി, ഒഡീഷയിലെ ബിജു ജനതാദള്‍ എന്നിവയൊന്നും ചന്ദ്രശേഖരറാവുവിന്റെ മുന്നണിയോട് ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, ദക്ഷിണേന്ത്യയില്‍ കാര്യമായ പ്രതീക്ഷകളില്ലാത്ത ബി.ജെ.പി ചന്ദ്രശേഖരറാവുവിന്റെ ഫെഡറല്‍ മുന്നണിയെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ നിന്നും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഫെഡറല്‍ മുന്നണിയുടെ പിന്തുണയാല്‍ പ്രധാനമന്ത്രി പദത്തില്‍ മോദിക്ക് രണ്ടാമൂഴം ഉറപ്പിക്കാനാവും.

തെലുങ്കാനക്കപ്പുറം വേരുകളോ ദേശീയ താല്‍പര്യങ്ങളോ ഇല്ലാത്ത നേതാവാണ് ചന്ദ്രശേഖരറാവു. മികച്ച പരിഗണനയും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യവും നല്‍കിയാല്‍ ഏത് ഭാഗത്തേക്ക് ചാടാനും അദ്ദേഹം തയ്യാറായേക്കും.

Top