ചന്ദ്രമുഖി 2 ആദ്യദിന കളക്ഷന്‍ കണക്കുകൾ പുറത്ത്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ചന്ദ്രമുഖി 2 ഇറങ്ങിയത്. സംവിധായകന്‍ പി.വാസു ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രത്തില്‍ രാഘവ ലോറന്‍സ്, കങ്കണ, വടിവേലു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

നേരത്തെ സെപ്റ്റംബർ 15നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. അതിന് അനുയോജ്യമായി ഓഡിയോ റിലീസ് അടക്കം നടത്തിയിരുന്നു നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് അടുത്ത് റിലീസ് നീട്ടിട്ടും ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെ അത് ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

ചിത്രത്തിന് മിക്സ്ഡ് റിവ്യൂകളാണ് ലഭിക്കുന്നെങ്കിലും ചിത്രം ആദ്യദിനത്തില്‍ 8.25 കോടി തീയറ്ററില്‍ നിന്നും നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തമിഴ് 5.58 കോടി കളക്ഷന്‍ നേടിയപ്പോള്‍. തെലുങ്ക് പതിപ്പ് 2.5 കളക്ഷന്‍ നേടി. ഹിന്ദി പതിപ്പ് 0.17 കോടി നേടിയെന്നാണ് സച്ച്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം ചന്ദ്രമുഖി 2വിനെ ചന്ദ്രമുഖി ഒന്നുമായി താരതമ്യം ചെയ്യുന്ന രീതിയില്‍ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. 2005 ല്‍ ഇറങ്ങിയ രജനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ അഭിനയിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചന്ദ്രമുഖി 2 ഒരുക്കിയിരിക്കുന്നത്.

ചന്ദ്രമുഖി ബാധയുള്ള വീട്ടിലേക്ക് പുതിയൊരു കുടുംബം എത്തുന്ന രീതിയിലാണ് കഥ. പഴയ ചന്ദ്രമുഖിയില്‍ നിന്നും വടിവേലുവിന്റെ കഥാപാത്രത്തെ മാത്രമാണ് പുതിയ ചന്ദ്രമുഖി 2വിലേക്ക് സംവിധായകന്‍ പി വാസു എടുത്തിട്ടുള്ളൂ. അതേ സമയം ചിത്രത്തിന്റെ ചില ഭാഗങ്ങളിലെ സിജിഐ അടക്കം ട്രോളുകളാകുന്നുണ്ട്.

Top