നിഷാമിനെതിരായ കേസ്: സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം

തിരുവനന്തപുരം: മുഹമ്മദ് നിഷാമിനെതിരായ കേസ് നടത്തിപ്പില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും നിഷാമിന്റെ ജയിലിലെ സുഖജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

ഈ നില തുടര്‍ന്നാല്‍ നിഷാം ഉടന്‍ ജയില്‍ മോചിതനാകുമോയെന്ന് ഭയമുണ്ടന്നും ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ് പറഞ്ഞു.

ചന്ദ്ര ബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിഷാമിന് പരോള്‍ നല്‍കണമെന്നും ചന്ദ്ര ബോസ് വധക്കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിഷാമിന്റെ ബന്ധുക്കളും സുഹുത്തുക്കളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

ജില്ലാ കോടതിയുടെ വിധിക്കെതിരെ നിഷാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ അത്രയും പിന്തുണ ഇടത് സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് ചന്ദ്രബോസിന്റെ മകന്‍ രംഗത്തെത്തിയത്.

Top