ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സഹായവാഗ്ദാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്

Chandrababu Naidu

അമരാവതി: ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വളരെ വേദനാജനകമാണ്. 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് ദുഖകരമായ കാര്യമാണെന്നും തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ജവാന്‍മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം സെവാഗ്, തുടങ്ങിയവരും സഹായം നല്‍കുമെന്ന് അറിയിച്ചു.

തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്പോറയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം.

സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാര്‍ സാധാരണ ബസുകളിലായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

Top