അഴിമതി: ചന്ദ്രബാബു നായിഡു രണ്ടു വര്‍ഷത്തിനുള്ളില്‍ ജയിലിലാകുമെന്ന് ബിജെപി

Chandrababu Naidu

വിജയവാഡ: രണ്ടുവര്‍ഷത്തിനുള്ളില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍. ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത്?- അദ്ദേഹം ചോദിച്ചു.

ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അഴിമതിരഹിതമായ ഭരണമാണ് വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണം. ഈ തട്ടുപ്പുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ വെക്കണം. അന്വേഷണത്തിനും നടപടികള്‍ക്കുമായി ഫയലുകള്‍ സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നല്‍കണമെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു.

Top