അധികാരമാണ് മോദിക്ക് മറ്റെന്തിനെക്കാളും പ്രധാനമെന്ന് രാജ്യത്തിന് അറിയാമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ‘മോദി ഒരു അബദ്ധമാണ്’ എന്ന ഹാഷ് ടാഗില്‍ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാവുകയാണ്.

പൊതു പരിപാടികളിലും പ്രസംഗങ്ങളിലും മോദി ജനങ്ങളോട് കള്ളം പറയുകയാണെന്നും നായിഡു ആരോപിച്ചു. മഹാത്മാഗാന്ധിയുടെ മണ്ണില്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ മോദിയുടെ കള്ളങ്ങള്‍ വിശ്വസിക്കില്ലെന്നും അധികാരമാണ് മോദിക്ക് മറ്റെന്തിനെക്കാളും പ്രധാനമെന്ന് രാജ്യത്തിന് അറിയാമെന്നും ഇന്ത്യന്‍ ജനത ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി അധികാരത്തില്‍ വരുമെന്ന് ചിന്തിച്ചിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി.

ആന്ധ്രയിലെ കുര്‍നൂലില്‍ ഒരു റാലിക്കിടെ തെലുങ്കു ദേശം പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയായ നായിഡുവിനെ ‘യു ടേണ്‍ ബാബു’ എന്ന് മോദി പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് നായിഡുവിന്റെ ട്വീറ്റുകള്‍.

അഴിമതി നടത്തിയത് ചോദ്യം ചെയ്തപ്പോള്‍ എന്‍ഡിഎ വിട്ടയാളാണ് യു ടേണ്‍ ബാബു എന്നായിരുന്നു ചന്ദ്രബാബു നായിഡുവിനെതിരെ നരേന്ദ്രമോദി നടത്തിയ പരാമര്‍ശം.

Top