വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ;ചന്ദ്രബാബു നായിഡു ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

ന്യൂഡല്‍ഹി : വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കാണുക. കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി, എസ്പി, സിപിഎം നേതാക്കള്‍ ചന്ദ്രബാബു നായിഡുവിനൊപ്പം ഉണ്ടാകും.

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന ആവശ്യവും സംഘം ഉന്നയിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയോജകമണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണം എന്നായിരുന്നു കോടതി ഉത്തരവ്.

വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതല്ലെങ്കിൽ ഫലം പുറത്തുവന്നതിന് ശേഷം 24ന് രാവിലെ ഡല്‍ഹിയിൽ പ്രതിപക്ഷയോഗം ചേരും.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാലുണ്ടാകുന്ന സാധ്യത മുന്നില്‍ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്നാണ് നായിഡു ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ഐക്യനിരക്കായി ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി, മായാവതി, അഖിലേഷ് യാദവ്, ശരത് പവാര്‍, ശരത് യാദവ് , മമത ബാനര്‍ജി എന്നിവരെയും കണ്ടു.

ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്

Top